കൊച്ചി : സംസ്ഥാനത്തെ വിവിധ കോടതികളും ട്രൈബ്യൂണലുകളും അനുവദിച്ച സ്റ്റേ ഉൾപ്പെടെയുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി ഹൈക്കോടതി ജൂൺ 30 വരെ നീട്ടി. ഇടക്കാല ജാമ്യം, മുൻകൂർ ജാമ്യം എന്നിവയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.
ലോക്ക് ഡൗൺ മേയ് 31 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഫുൾബെഞ്ച് ഇന്നലെ നിർദ്ദേശങ്ങൾ നൽകിയത്. സംസ്ഥാന സർക്കാരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് 25 ന് ഇടക്കാല ഉത്തരവുകളുടെ കാലാവധി ഏപ്രിൽ 30 വരെയാക്കി ഫുൾബെഞ്ച് നിർദ്ദേശം നൽകി. വീണ്ടും ലോക്ക് ഡൗൺ നീട്ടിയതോടെയാണ് മാർച്ച് 25 ലെ ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി ഇപ്പോൾ പുതിയ നിർദ്ദേശങ്ങൾ നൽകിയത്.
ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അറസ്റ്റ് അനിവാര്യമായ കേസുകളിൽ പോലും ഇതിന്റെ പേരിൽ പ്രതികൾ കോടതികളിൽ നിന്ന് ജാമ്യം നേടുന്ന സ്ഥിതിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. തുടർന്ന് തൊണ്ടി മുതൽ കണ്ടെടുക്കൽ പോലെയുള്ള നടപടികൾ ആവശ്യമുള്ള സാഹചര്യത്തിൽ അറസ്റ്റിന് തടസമില്ലെന്നും ഇത്തരം കേസുകളിലെ ജാമ്യ ഹർജികളിൽ കീഴ്ക്കോടതികൾക്ക് ഹൈക്കോടതി ഉത്തരവ് പരിഗണിക്കാതെ ഉചിതമായ തീരുമാനമെടുക്കാമെന്നും ഫുൾബെഞ്ച് വ്യക്തമാക്കി.
മറ്റു നിർദ്ദേശങ്ങൾ
വിചാരണത്തടവുകാർ, റിമാൻഡ് തടവുകാർ എന്നിവർക്ക് അനുവദിച്ച ഇടക്കാല ജാമ്യം മേയ് 31 വരെ നീട്ടി
ഇവർ ഏഴു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ജയിലിൽ കഴിയുന്നവരാകണം.
ഇത്തരം പ്രതികൾ സ്ഥിരം കുറ്റവാളികളോ, ഒന്നിലേറെ കേസുകളിൽ ഉൾപ്പെട്ടവരോ ആവരുത്.
ഇടക്കാല ജാമ്യം മേയ് 31 വരെയാണ് നീട്ടിയതെങ്കിലും ലോക്ക് ഡൗൺ നീണ്ടാൽ ജാമ്യ കാലവും നീളും.
ജാമ്യ കാലാവധി പൂർത്തിയായി മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന വ്യവസ്ഥ ഏഴു ദിവസമാക്കി.