വൈപ്പിൻ : മൂലമ്പിള്ളി - പിഴല, പിഴല കണക്ടിവിറ്റി പാലങ്ങളുടെ നിർമ്മാണം 31 ന് പൂർത്തീകരിക്കും. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് സ്ഥലം സന്ദർശിച്ച എസ്. ശർമ്മ എം.എൽ.എയോടാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ജിഡ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന മൂലമ്പിള്ളി ചാത്തനാട് റോഡ് പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് പ്രധാന പാലങ്ങളിൽ ഒന്നാണ് മൂലമ്പിള്ളി പിഴലപാലം.
606 മീറ്റർ നീളമുള്ള പാലം നിർമ്മിതിക്കായി 81.75 കോടി രൂപയാണ് ചെലവ്. 104 മിറ്റർ നീളം വരുന്ന പിഴല കണക്ടിവിറ്റി പാലത്തിന് 7.5 മീറ്റർ വീതിയും നടപ്പാതയുമുണ്ട്. ഇരുപ്രവൃത്തികളും അന്തിമഘട്ടത്തിലാണ്. കണക്ടിവിറ്റി പാലം മുതൽ പിഴല പഞ്ചായത്ത് റോഡ് വരെയുള്ള റോഡിന്റെ നിർമ്മാണത്തിനായി സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ ഉരാളുങ്കൽ സർവീസ് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ ജോലി പൂർത്തിയായി വരുന്നതായി എം എൽ എ വ്യക്തമാക്കി.
ജിഡ പ്രൊജക്ട് ഡയറക്ടർ കെ.എം. ഗോപകുമാർ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ ബീന നായർ, പ്രൊജക്ട് എൻജിനീയർ രാമചന്ദ്രൻ, ഊരാളുങ്കൽ സർവീസ് സൊസൈറ്റി പ്രൊജക്ട് മാനേജർ എൻ. രമേഷ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, മെമ്പർ ബെന്നി , വിജയൻ കടമക്കുടി എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.