കൊച്ചി: ഫോർട്ടുകൊച്ചിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ വാസ്കോഡഗാമ സ്‌ക്വയറിലെ ബീച്ച് പരിസരം സൗന്ദര്യവത്കരിക്കും. ചീനവലകളും മത്സ്യവിഭവങ്ങൾ വിളമ്പുന്ന സ്റ്റാളുകളും സഞ്ചാരികൾക്ക് ഹരം പകരുന്ന ബീച്ചാണിത്.
കേന്ദ്ര സർക്കാരിന്റെ സ്‌മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായാണ് കൊച്ചി സ്‌മാർട്ട്സിറ്റി മിഷൻ ലിമിറ്റഡ് ബീച്ച് നവീകരിക്കുക. 1.95 കോടി രൂപയാണ് ചെലവ്. ബീച്ചിന്റെ ഭംഗിയും ആകർഷണവും നിലനിറുത്തുന്ന നിർമ്മാണമാണ് നടത്തുന്നത്.
# കാൽനടക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേകപാത, മരങ്ങളുടെ തണൽ.
# അംഗീകൃത വാഹനങ്ങൾക്ക് എത്താൻ സൗകര്യം.
# ബീച്ചുമുഖം ആകർഷകമാക്കും. ബീച്ചിന്റെ തനതുഭംഗി നിലനിറുത്തുന്ന വിധത്തിലാണ് നിർമ്മാണങ്ങൾ. ഭിന്നശേഷിക്കാർക്കും എത്താനും സഞ്ചരിക്കാനും കഴിയുന്ന സൗകര്യങ്ങൾ ഒരുക്കും. ആകർഷകമായ ദീപവിന്യാസം, ഭക്ഷണം കഴിക്കാൻ സൗകര്യം തുടങ്ങിയ സൗകര്യം ഒരുക്കും.
# പൊതുപരിപാടികൾ, സംഗീത കലാ സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ പ്രത്യേക വേദികളും ഒരുക്കും.
സെപ്തംബറിൽ പൂർത്തിയാക്കും
നിർമ്മാണം പൂർത്തിയാകുന്നതോടെ ഫോർട്ടുകൊച്ചിയിലെ ഏറ്റവും ആകർഷണകേന്ദ്രമായി മാറും. സെപ്തംബറിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.
വാസ്കോഡിഗാമ സ്ക്വയറിനെയും നടപ്പാതയെയും നവീകരിച്ച് ബീച്ചുമായി ബന്ധിപ്പിച്ച് ആകർഷകമാക്കുകയാണ് ലക്ഷ്യം. പൊതുസ്ഥലം ഫലപ്രദമായി വിനിയോഗിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
അൽകേഷ് കുമാർ ശർമ്മ,
സ്മാർട്ട്സിറ്റി മിഷൻ സി.ഇ.ഒ