തൃക്കാക്കര: വീട്ടിലെ അരുമ മൃഗങ്ങളുടെ പരിപാലിക്കാനും ചികിത്സക്കും ഹൈടെക് മൊബൈൽ മൃഗാശുപത്രിയുമായി പറവൂർ ആലങ്ങാട്ടെ കുടുംബശ്രീ യൂണിറ്റ്. ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനാഷൻ ആൻഡ് വെറ്ററിനറി സർവീസസിന്റെ ഈ പുതിയ സംരംഭത്തിൽ എയർ കണ്ടിഷൻ ചെയ്ത ഓപ്പറേഷൻ തിയറ്റർ സൗകര്യവുമുണ്ട്.
മൃഗങ്ങൾക്ക് കൃത്രിമ ബീജാധാനം, ഗർഭ പരിശോധന, രോഗനിർണയം, പരിശോധന, സ്കാനിംഗ് സംവിധാനം, ശസ്ത്രക്രിയ സൗകര്യം തുടങ്ങിയവ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ചികിത്സ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ സാധിക്കാത്ത ജീവികൾക്ക് പരിചരണം ഒരുക്കുകയാണ് ലക്ഷ്യം.
പ്രിയ പ്രകാശൻ എന്ന സംരംഭകയാണ് ശ്രദ്ധ ക്ലിനിക്കിന് പിന്നിൽ. മൃഗ സംരക്ഷണത്തിൽ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയ പ്രിയ 2018 മുതൽ കുടുംബശ്രീയുടെ തെരുവുനായ വന്ധ്യംകരണ പദ്ധതിയായ എ.ബി.സിയുടെ ഭാഗമാണ്.
നബാർഡിന്റെയും ഹൈദരാബാദിലെ മാനേജിന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും ബാങ്ക് ഒഫ് ഇന്ത്യയുടേയും സഹായത്തിലാണ് പദ്ധതി പ്രാവർത്തികമായത്. ആദ്യ ഘട്ടം ശ്രദ്ധ ക്ലിനിക്ക് എറണാകുളം ജില്ലയിൽ മാത്രമേ സേവനം നൽകൂ.
#ശ്രദ്ധ ക്ലിനിക്
രണ്ട് വെറ്ററിനറി ഡോക്ടർമാരും എട്ടോളം സഹായികളും ക്ലിനിക്കിലുണ്ട്. മൃഗ സംരക്ഷണ, ക്ഷീര വികസന, കൃഷി, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളിൽ മൊബൈൽ ക്ലിനിക്കായും വാഹനം ഉപയോഗിക്കാം. ഇന്ന് ആലങ്ങാട് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് നിർവഹിക്കും.
സ്കാനിംഗ്, എക്സ് -റേ ഉൾപ്പടെയുള്ള യൂണിറ്റുകൾ ഉടൻ സജ്ജമാക്കും. ഒരു കോടി രൂപയോളം ശ്രദ്ധ വാഹനത്തിന് ചിലവ് വരും.