കരാർ കമ്പനിയുടെ അപേക്ഷയിൽ രണ്ടുമാസത്തിനകം തീർപ്പുണ്ടാക്കണം
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള കരാർ റദ്ദാക്കിയതിനെതിരെ ജി. ജെ. എക്കോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നൽകിയ അപേക്ഷ തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിഗണിച്ച് രണ്ടു മാസത്തിനകം തീരുമാനം എടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അതുവരെ പദ്ധതി വീണ്ടും ടെണ്ടർ ചെയ്യുന്നത് തടഞ്ഞ സിംഗിൾബെഞ്ച് കമ്പനി ബാങ്ക് ഗ്യാരന്റിയായി നൽകിയ തുക മടക്കി നൽകിയിട്ടില്ലെങ്കിൽ ഇപ്പോൾ നൽകേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മാലിന്യ പ്ളാന്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാൻ ജി.ജെ. എക്കോ പ്രൈവറ്റ് ലിമിറ്റഡിന് 2016 ലാണ് കരാർ നൽകിയത്. എന്നാൽ ഇൗ കരാർ റദ്ദാക്കാൻ ഏപ്രിൽ 30 ന് സർക്കാർ കൊച്ചി നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്പനിയുടെ അപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ കമ്പനിക്കു കൊച്ചി നഗരസഭയ്ക്കും പറയാനുള്ളത് കേൾക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.