 മന:പൂർവമല്ലാത്ത നരഹത്യയാണെന്ന് കോടതി

കൊച്ചി : മദ്യം ചോദിച്ചിട്ടു നൽകാത്തതിലുള്ള വൈരാഗ്യം നിമിത്തം തമിഴ്നാട് സ്വദേശി മണികണ്ഠനെ (48) കുത്തിക്കൊന്ന കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി കെ.പി. ബാബു (51) കുറ്റക്കാരനാണെന്ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. 2017 ഡിസംബർ 21 ന് രാവിലെ 11.30 ന് എറണാകുളം മാർക്കറ്റിലെ കുട്ടപ്പായി റോഡിലാണ് കൊലപാതകം നടന്നത്. എന്നാൽ പ്രതിക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയെന്ന കുറ്റേമ നിലനിൽക്കൂവെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ശിക്ഷ ഇന്നു വിധിക്കും. മണികണ്ഠനോടു പ്രതി മദ്യം ചോദിച്ചിട്ടു നൽകാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ബാബു മടിക്കുത്തിൽ നിന്ന് കത്തിയെടുത്ത് മണികണ്ഠനെ കുത്തിയെന്നാണ് കേസ്. കുത്തേറ്റു വീണ മണികണ്ഠനെ സുഹൃത്തുക്കൾ ചേർന്ന് ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ 27 ന് മരിച്ചു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ ബാബുവിനെ ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്ന് ഡിസംബർ 29 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.