കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താൻ ഡി.വൈ.എഫ്.‌ഐ ജില്ലാ കമ്മിറ്റിയുടെ 'റീസൈക്കിൾ കേരള' കാമ്പയിൻ തുടങ്ങി. പഴയ പത്രങ്ങൾ ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് തുക കണ്ടെത്തുക. ജില്ലാതല ഉദ്ഘാടനം ഡി .വൈ.എഫ്.‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീശിന് പഴയപത്രങ്ങൾ നൽകി സിനിമാ താരം രഞ്ജി പണിക്കർ നിർവഹിച്ചു.

ജില്ലാ സെക്രട്ടറി എ .എ. അൻഷാദ്, പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മറ്റി അംഗം സോളമൻ സിജു എന്നിവർ പങ്കെടുത്തു. സംവിധായകൻ ആഷിഖ് അബു, നടൻമാരായ വിനയ് ഫോർട്ട്, ടിനി ടോം എന്നിവരുടെ വീടുകളിൽ നിന്നും പത്രങ്ങൾ ശേഖരിച്ചു.
ജില്ലയിലെ 20 ബ്ലോക്ക് കമ്മിറ്റികളിലും വിവിധ മേഖലാ കമ്മിറ്റികളിലുമായി 'റീസൈക്കിൾ കേരള' കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ആക്രി സാധനങ്ങൾക്ക്പുറമേ പച്ചക്കറികൾ ശേഖരിച്ച് വിറ്റും പണം സ്വരൂപിക്കും.

ഓട്ടോറിക്ഷയോ ടാക്‌സി വാഹനങ്ങളോ ഓടിക്കുന്ന ഡി.വൈ.എഫ്.‌ഐ പ്രവർത്തകൻ ഒരുദിവസം ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി വാഹനമോടിക്കും. കടയും മറ്റ് സ്ഥാപനങ്ങളുമുള്ള പ്രവർത്തകർ ഒരു ദിവസം ദുരിതാശ്വാസ നിധിയിലേക്കായി മാത്രമായി സ്ഥാപനം പ്രവർത്തിപ്പിക്കും. 28 വരെ നടക്കുന്ന ഈ കാമ്പയിനിലൂടെ 75 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യം.