മൂവാറ്റുപുഴ: പന്ത്രണ്ടാം വിവാഹ വാർഷിക ദിനം രക്തദാനം നൽകി ആഘോഷിച്ച് ഈസ്റ്റ് മാറാടി സർക്കാർ സ്കൂൾ അദ്ധ്യാപകനും നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ സമീർ സിദ്ദീഖിയും പാചകവിദഗ്ദ്ധയായ ഭാര്യ തസ്നീം സമീറും.വിവാഹ വാർഷികം, ജന്മദിനം, പുതുവത്സരം, മറ്റ് വിശേഷ ദിവസങ്ങൾ തുടങ്ങിയ ആഘോഷങ്ങൾക്കൊപ്പം കൃത്യമായ ഇടവേളയിൽ ഇരുവരും രക്തദാനം നൽകാറുണ്ട്. ഇതിപ്പോൾ ഇരുപത്തി ഒന്നാം തവണയാണ് രക്തം നൽകുന്നത്. മികച്ച രക്തദാന പ്രവർത്തകനുള്ള അവാർഡും മികച്ച ബ്ലഡ് ഡോണർ കപ്പിൾ അവാർഡും ഇവർ നേടിയിട്ടുണ്ട്. റീജീയണൽ കാൻസർ സെന്റർ, എസ്.എ.റ്റി, മെഡിക്കൽ കോളേജ്, കിംസ്, നിർമ്മല മെഡിക്കൽ സെന്റർ, കോട്ടയം മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിലെ ബ്ലഡ് ബാങ്കിലാണ് രക്തദാനം നൽകാറുള്ളത്. ഇതു കൂടാതെ വർഷത്തിൽ രണ്ടോ മൂന്നോ രക്തദാന ക്യാമ്പുകൾ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കും.
ലോക്ക് ഡൗൺ കാലത്ത് മുപ്പതിലേറെ രോഗികൾക്ക് ഓൺലൈൻ സംവിധാനം വഴി ഇവർ രക്തം സംഘടിപ്പിച്ചു കൊടുത്തു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന രക്തദാന ഗ്രൂപ്പുകളായ പ്രിഷ്യസ് ഡ്രോപ്സ്, വേണു ബ്ലഡ് ഡൊണേഷൻ, ആൾ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ, ബ്ലഡ് ഡോണേഴ്സ് കേരള, അർപ്പണ രക്തദാന സേന, വിഹായിതം, മിത്ര ഹെൽപിംഗ് ഹാൻഡ്സ് , ബ്ലഡ് ഡൊണേഷൻ ഫോറം തുടങ്ങിയവയിലെ സജീവ പ്രവർത്തകരാണ്.