മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ തിരക്കേറി. കൊറോണ നിയന്ത്രണങ്ങൾക്ക് ഇളവു വന്നപ്പോൾ പകർച്ചവ്യാധികൾ വ്യാപകമായി. ഇതോടെ നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിലേക്കെത്തിയത്. ലോക് ഡൗൺ മൂലം കഴിഞ്ഞ രണ്ടു മാസക്കാലമായി തിരക്ക് തീരെ കുറവായിരുന്നു. തിങ്കളാഴ്ചരോഗികൾ ഏറെ എത്തിയതോടെ സാമൂഹിക അകലം പാലിക്കാൻകടുത്ത നിയന്ത്രണങ്ങളാണ് ആശുപത്രി അധികൃതർ ഏർപെടുത്തിയത്. ഒ.പി .ബ്ലോക്കിന്റെ ഗ്രില്ലുകൾ അടച്ച അധികൃതർ 50 പേരെ വീതമാണ് ഒ.പി .ബ്ലോക്കിലേക്ക് കടത്തിവിട്ടത്. തുടർന്ന് ഇവർക്ക് ഡോക്ടർമാരെ കാണാൻ ടോക്കൺ നൽകി. ഇവർ ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന മുറക്ക് വീണ്ടും 50 പേരെ വീതം കയറ്റി വിട്ടു. മറ്റു രോഗികൾക്ക് പുറത്തിരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലെ മഴ രോഗികളെ ദുരിതത്തിലാഴ്ത്തി.