കൊച്ചി: മത്സ്യങ്ങളിൽ മാരകമായ രാസവസ്തുവായ ഫോർമാലിൻ ചേർത്താൽ കണ്ടെത്താൻ കഴിയുന്ന പരിശോധനാ സംവിധാനം സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) വികസിപ്പിച്ചു. സാമ്പിൾ നൽകിയാൽ 48 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.
ഫോർമാലിൻ തളിച്ച് മത്സ്യവില്പന നടത്തുന്നത് കണ്ടെത്താനാണ്എം.പി.ഇ.ഡി.എ കൊച്ചിയിലെ ആസ്ഥാനത്തെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ പരിശോധന സംവിധാനം.
ഫലം സസൂക്ഷ്‌മം
നിലവിലെ പരിശോധനാ രീതിയിൽ ഫോർമാലിന്റെ സാന്നിദ്ധ്യം മാത്രമാണ് കണ്ടെത്തുക. അതിന്റെ അളവ് ഉൾപ്പടെ പുതിയ രീതിയിലൂടെ അറിയാം.
സമുദ്രോത്പന്ന മൊത്തക്കച്ചവടക്കാർ, കയറ്റുമതിക്കാർ, സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയവർക്ക് ലാബ് സംവിധാനം ഉപയോഗിക്കാം. പൊതുജനങ്ങൾക്കും സമീപിക്കാം. ചെമ്മീനുകളിലെ നിരോധിക്കപ്പെട്ട ആൻറി ബയോട്ടിക് സാന്നിദ്ധ്യവും ലാബിൽ പരിശോധിക്കും.
• മൈക്രോ ബയോളജി ലാബും
കയറ്റുമതിക്കാർക്കും അനുബന്ധ വിഭാഗക്കാർക്കുമായി അത്യാധുനിക മൈക്രോബയോളജി ലാബും ഒരുക്കിയിട്ടുണ്ട്. ജലം, മത്സ്യം, മത്സ്യ അനുബന്ധ ഉത്പന്നങ്ങൾ, എന്നിവയിലെ മൈക്രോബയോളജിക്കൽ ഘടകങ്ങൾ ലാബിലൂടെ പരിശോധിക്കാം.
ദേശീയ അംഗീകാരത്തോടെ
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഒഫ് ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ), എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ കൗൺസിൽ എന്നിവയുടെ അംഗീകാരമുള്ളതാണ് ലാബ്.
തിങ്കൾ മുതൽ വെള്ളി വരെ
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ 5.30 വരെയാണ് ലാബിന്റെ പ്രവർത്തനം.
മാരക രാസവസ്തു
അണുക്കളെ നശീകരണിയാണ് ഫോർമാലിൻ. ഭക്ഷ്യവസ്തുക്കളിൽ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എങ്കിലും വ്യാപകമായി ഉപയോഗിക്കുന്നു. മാരകമായ രോഗങ്ങൾക്കും കാരണമാകാം.
ആവശ്യം പരിഗണിച്ച്
സമുദ്രോത്പന്നങ്ങളിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തത്.
കെ എസ് ശ്രീനിവാസ്
ചെയർമാൻ
എം.പി.ഇ.ഡി.എ