കോലഞ്ചേരി: എന്നു തുറക്കുമെന്നറിയില്ല, പുത്തനുടുപ്പുകളും വർണ്ണക്കുടകളും വേണ്ട, കൊവിഡു കാലത്തുണ്ടായ സ്കൂൾ വിപണിയിലെ മാന്ദ്യം കച്ചവടക്കാരുടെ വയറ്റത്തടിച്ചു. പുതിയ അദ്ധ്യയന വർഷം എന്നാരംഭിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ ഇതു വരെ സ്കൂൾ വിപണിയിൽ അനിശ്ചിതത്വം തുടരുകയാണ്. എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷാ ഫലം എത്തേണ്ട സമയമായിട്ടും പരീക്ഷകൾ കഴിഞ്ഞിട്ടില്ല. സാധാരണ മെയ് മാസം തുടക്കത്തിൽ തന്നെ സ്‌കൂൾ വിപണികളിൽ ഉണർവ് പ്രകടമായിരുന്നു. ലോക്ക് ഡൗണിൽ അടഞ്ഞു കിടന്ന വ്യാപാര സ്ഥാപനങ്ങളൊക്കെ തുറന്നിട്ടും കച്ചവടമില്ല. അവശ്യ സാധനങ്ങൾ മാത്രമാണ് ജനം വാങ്ങുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിപണിയിൽ ഇത്തവണ വില്പന തീർത്തും കുറവായിരിക്കുമെന്ന് വ്യാപാരികൾ കണക്കുകൂട്ടുന്നു. ഇതുമൂലം കൂടുതൽ സ്​റ്റോക്ക് എടുക്കാൻ അവരും തയാറാകുന്നില്ല.

#തയ്യൽ തൊഴിലാളികൾക്ക് ഇരുട്ടടി

വിദ്യാർത്ഥികൾക്ക് യൂണിഫോമുകൾ തയ്ച്ച് റെഡിയാക്കേണ്ട സമയമാണിത്. ഇത് തയ്യൽ കടക്കാർക്കും നേട്ടമായിരുന്നു. എന്നാൽ സ്കൂൾ എന്നു തുറക്കുമെന്നറിയാതെ യൂണിഫോം തുണിത്തരങ്ങൾ വിശ്രമത്തിലാണ്. ഇതോടെ തയ്യൽ തൊഴിലാളികൾക്കും ഇരുട്ടടിയായി. റെഡിമെയ്ഡുകൾ നാടടക്കി വാഴുമ്പോൾ ഒരു സീസണിലെ ഏക പ്രതീക്ഷയാണ് ഇതോടെ നഷ്ടമായതെന്ന് പട്ടിമറ്റത്തെ പ്രമുഖ തയ്യൽ തൊഴിലാളിയായ ബാലൻ പറയുന്നു.

സ്‌കൂൾ അധികൃതർ നിർദ്ദേശിക്കുന്നതനുസരിച്ചാണ് യൂണിഫോമിനുള്ള തുണികൾ മൊത്ത വ്യാപാരികൾ തുണിക്കടകളിൽ എത്തിച്ചിരുന്നത്. സ്‌കൂളുകൾ തുറക്കുന്ന തീയതി ഉറപ്പില്ലാത്തതിനാൽ ആരും ഓർഡർ നൽകുന്നില്ല.

#സ്കൂൾ വിപണിയിലെ മാന്ദ്യം

ഷൂസ്, വാട്ടർ ബോട്ടിൽ, പേന, പെൻസിൽ, നോട്ടു ബുക്കുകൾ എന്നിവയുടെ വില്പനയും ഇല്ല. പുതിയ നോട്ടു ബുക്കുകളുടെ സ്​റ്റോക്ക് എത്തിയിട്ടില്ല. കടകളിൽ സ്​റ്റോക്കിരിക്കുന്നവ വാങ്ങാനും ആളില്ല. പുതിയ ബാഗുകളും എത്തുന്നില്ല. മഴക്കാലം എത്തിയിട്ടും കുടകളുടെ വില്പനയും ഇല്ലെന്ന് വ്യാപാരികൾ പറയുന്നു. മുൻകൂട്ടി പണം നൽകിയാണ് വ്യാപാരികൾ അധികവും സ്‌കൂൾ വിപണിയിലേക്കുള്ള സാധനങ്ങൾ എടുക്കുന്നത്. എന്നാൽ, ഇത്തവണ പ്രമുഖ കമ്പനികളും ഓർഡർ എടുക്കുന്നില്ലെന്ന് അനു സിൽക്ക്സ് ആൻഡ് സാരീസിലെ എ.പി കുഞ്ഞുമുഹമ്മദ് പറഞ്ഞു.