കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വിവിധ ഏജൻസികൾ സംയുക്തമായി പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്ന് ജനതാദൾ (എസ് ) ആവശ്യപ്പെട്ടു. അല്ലെങ്കിൽ മഴക്കാലത്ത് നഗരം വീണ്ടും വെള്ളത്തിലാകുമെന്ന് നേതാക്കൾ പറഞ്ഞു.
ജില്ലാ ഭരണകൂടം, നഗരസഭ, കൊച്ചി മെട്രോ, ജല അതോറിറ്റി, ടെലികോം കമ്പനികൾ, വൈദ്യുതി, ജലസേചന, റെയിൽവെ, പൊതുമരാമത്ത്, ദേശീയപാത തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് പദ്ധതി തയ്യാറാക്കണം. കഴിഞ്ഞ മഴയുടെ അനുഭവം വച്ച് മാത്രം നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി ഫലപ്രദമാകില്ല. മേയ് അവസാനിക്കാറായിട്ടും പണികൾ പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ മരാമത്ത് ജോലികൾ വർഷവും ചെയ്യുന്നുണ്ടെങ്കിലും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് ജില്ലാ പ്രസിഡന്റ് സാബു ജോർജ്, സെക്രട്ടറി കുമ്പളം രവി, എറണാകുളം മണ്ഡലം പ്രസിഡന്റ് ഷാജൻ ആന്റണി എന്നിവർ പറഞ്ഞു.