കോലഞ്ചേരി: തീ പിടുത്തം കുറഞ്ഞ ലോക്ക് ഡൗൺ കാലത്ത് അഗ്നി രക്ഷാ സേനയ്ക്ക് തീ പിടിച്ചതു പോലെ ഓട്ടമായിരുന്നു. അത്യാവശ്യ മരുന്നുകളെത്തിക്കാനും, പൊതു സ്ഥലങ്ങളും വാഹനങ്ങളും അണുമുക്തമാക്കാനുമായിരുന്നു ഈ ഓട്ടം. രോഗികൾക്ക് ആശ്വാസത്തിന്റെ മരുന്നാവുകയായിരുന്നു സേന. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആവശ്യക്കാർക്കു മരുന്നെത്തിച്ചു. ഇത് കാൻസർ ചികിത്സ രോഗികൾക്കടക്കം ലഭിച്ച ആശ്വാസം ചില്ലറയല്ല.

ആരോഗ്യ പ്രവർത്തകർക്കായി ഓടിയ കെ.എസ്.ആർ.ടി.സി ബസുകളും പൊതുസ്ഥലങ്ങളും, കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ച വാഹനങ്ങളും അപ്പപ്പോൾ അണുമുക്തമാക്കി. കൊവിഡ് രോഗികൾ താമസിച്ച സ്ഥലങ്ങളിലും അണുനശീകരണ സാമഗ്രികളുമായി എത്തി. രോഗികളെ ആശുപത്രിയിലും ആശുപത്രിയിൽ നിന്നു വീട്ടിലും എത്തിക്കാനും സേന സുസജ്ജം. അതേസമയം, അഗ്‌നിരക്ഷാ സേനയും പൊതുജനങ്ങളും ചേർന്നുള്ള സിവിൽ ഡിഫൻസ് ഫോഴ്‌സ് എന്ന സന്നദ്ധ സേവന വിഭാഗവും ലോക്ക് ഡൗൺ സേവനങ്ങളിൽ വിശ്രമം മറന്നു. പരിശീലനം ലഭിച്ച സന്നദ്ധ സേവകർ ബോധവത്കരണത്തിനും സംശയ നിവാരണത്തിനുമിറങ്ങിയിരുന്നു.

രക്താനത്തിനും ഡിഫൻസ് ഫോഴ്സ് മുന്നിൽ തന്നെയായിരുന്നു.

തീയണയ്ക്കുന്ന വലിയ വാഹനത്തെക്കാൾ കൂടുതൽ സമയം സേനയുടെ വാട്ടർ മിസ്റ്റ് ബുള്ളറ്റുകളായിരുന്നു സർവീസ് നടത്തിയത്. ലോക്ക് ഡൗണിന് തൊട്ടു മുമ്പാണ് സേനയ്ക്ക് വാട്ടർ മിസ്റ്റ് ബുള്ളറ്റുകൾ ലഭിച്ചത്. ഇതു വരെ 468 ആശുപത്രികൾ, 218 ഐസലേഷൻ, ക്വാറന്റൈയിൻ കേന്ദ്രങ്ങൾ, 5530 പൊതു സ്ഥലങ്ങൾ, 883 അവശ്യ സാധനങ്ങളെത്തിച്ച ട്രക്കുകളും അണു വിമുക്തമാക്കി. 6813 രോഗികൾക്ക് മരുന്നെത്തിച്ചു നല്കി. 28829 പേർക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി ആഹാരം നല്കി. 73 കിടപ്പു രോഗികൾക്ക് ആംബുലൻസ് സേവനവും, 122 സ്ഥലങ്ങളിൽ ബോധ വല്ക്കരണ പ്രവർത്തനങ്ങളും നടത്തി. ഇതിനായി സേനയോടൊപ്പം 3044 സന്നദ്ധ പ്രവർത്തകരും കൈ കോർത്തുവെന്ന് ജില്ലാ ഫയർ ഓഫീസർ എ.എസ് ജോജി പറഞ്ഞു.