കൊച്ചി: ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ ഇന്നു മുതൽ പൊതുഗതാഗത്തിന് തുടക്കമാകും. ജില്ലക്കുള്ളിൽ കെ.എസ്.ആർ.ടി.സി ഓട്ടം തുടങ്ങും. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവീസ്. ജില്ലയിൽ 204 സർവീസ് ആദ്യദിനം നടത്താനാണ് ആലോചന. സാമൂഹിക അകലം ഉറപ്പാക്കി ഒരു ബസിൽ 25 മുതൽ 30 യാത്രക്കാർക്ക് മാത്രമേ കയറാനാകൂ.
രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയാകും സർവീസുകൾ. സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ അധികം ഈടാക്കും. ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിൽ നിന്ന് 30 ബസുകളാണ് ഓടുക.
ലോക്ക് ഡൗൺ കാലത്ത് പൊതുഗതാഗതം മുടങ്ങിയെങ്കിലും ആരോഗ്യപ്രവർത്തകർക്കായും മറ്റ് കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായും കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഹൈക്കോടതി, ജില്ലാ കോടതി ജീവക്കക്കാർക്ക് വേണ്ടിയും സർവീസ് ആരംഭിച്ചു.
സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതിനാൽ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ യാത്രക്കാരുടെ എണ്ണവും സൗകര്യവും നോക്കി നാളെ മുതൽ സർവീസുകളുടെ എണ്ണത്തിലും സമയക്രമത്തിലും മാറ്റം വരുത്തും.
"രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുഗതാഗതം കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നത്. സ്വകാര്യബസുകൾ ഓടാത്തതിനാൽ യാത്രക്കാരിൽ നിന്ന് പരാതി ഉയരാൻ സാദ്ധ്യതയുണ്ട്. അത്തരം പരാതികൾ പരിഹരിച്ച ശേഷം അടുത്ത ദിവസം മുതൽ കൂടുതൽ സർവീസുകൾ നടത്താനാകുമെന്നാണ് വിശ്വാസം."
വി.എം താജുദ്ദീൻ
ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ
കെ.എസ്.ആർ.ടി.സി, എറണാകുളം