കൊച്ചി: സർക്കാരുമായി ഒരു തർക്കത്തിനുമില്ല, യാത്ര നിരക്കിന്റെ കാര്യത്തിൽ അഭിപ്രായവത്യാസവുമില്ല. ഏതു സമയത്തും ബസ് നിരത്തിലിറക്കാം. ബസുടമകൾ പറയുന്നു.

എന്നാൽ. ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അക്കാര്യങ്ങൾ സർക്കാരിനെയും ബോദ്ധ്യപ്പെടുത്തി. മന്ത്രി എ.കെ. ശശീന്ദ്രനുമായി ഇന്നലെ സംസാരിച്ചു. ഇന്നും ചർച്ചയുണ്ട്. അതു കഴിഞ്ഞാൽ ഇക്കാര്യത്തിലുള്ള അവ്യക്തതകൾ നീങ്ങും. പ്രൈറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ പറഞ്ഞു.

# കുറച്ചു സാവകാശം തരണം

കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 24 മുതൽ ജില്ലയിലെ സ്വകാര്യ ബസുകൾ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും വെയിലും മഴയും കൊണ്ട് കിടക്കുകയാണ്. ബാറ്ററിയുടെയും ടയറിന്റെയും അവസ്ഥ മോശമാണ്. ബാറ്ററി മാറണമെങ്കിൽ കുറഞ്ഞത് 25,000 രൂപ വേണ്ടിവരും. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് നിരത്തിലിറക്കണമെങ്കിൽ മൂന്നോ നാലോ ദിവസമെടുക്കും. ഇതിനെല്ലാം കൂടി ഭാരിച്ച തുക വേണം. നിലവിലെ അവസ്ഥയിൽ അത്രയും പണം സ്വരൂപിക്കാൻ ആർക്കും കഴിയില്ല. അടിയന്തര സഹായമെന്ന നിലയിൽ രണ്ടു ലക്ഷം രൂപ പലിശരഹിത വായ്പയായി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി ഇടപെട്ട് വാഹനനികുതി ഒഴിവാക്കി തന്നത് ആശ്വാസമായെങ്കിലും ബസുകൾ ഓട്ടം തുടങ്ങണമെങ്കിൽ ഇനിയും കടമ്പകൾ പലതുണ്ട്.

# കീറാമുട്ടിയായി ഇൻഷ്വറൻസ്

ലോക്ക് ഡൗൺ കണക്കിലെടുത്ത് വാഹന ഇൻഷ്വറൻസ് കാലാവധി രണ്ടു മാസത്തേക്ക് നീട്ടണമെന്നാണ് പ്രധാന ആവശ്യം. കേന്ദ്ര ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇൻഷ്വറൻസ് റെഗുലേഷൻ അതോറിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. ബസിന്റെ പഴക്കമനുസരിച്ച് 60,000 - 90,000 രൂപ വരെയാണ് ഒരു വർഷത്തെ ഇൻഷ്വറൻസ് തുക. ലോക്ക് ഡൗൺ മൂലം 60 ദിവസം സർവീസ് നടത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാൽ സ്വഭാവികമായി ഇളവു ലഭിക്കും. ഇപ്പോൾ സർവീസ് ആരംഭിച്ചാൽ ആനുകൂല്യം നഷ്‌ടപ്പടും. ഈ വസ്തുത കണക്കിലെടുത്ത് ഏതാനും ദിവസത്തെ സാവകാശം നൽകണമെന്നാണ് സംഘടനകളുടെ അഭ്യർത്ഥന.

# പതിനായിരങ്ങളുടെ അത്താണി

ജില്ലയിൽ സ്വകാര്യ ബസുകൾ 1840

ജീവനക്കാർ 9000

പരോക്ഷ ഉപജീവനം 1000