veedu-takarnnu-
കാറ്റിലും മഴയിലും തകർന്ന വഴിക്കുളങ്ങര കുട്ടമത്ത് തങ്കപ്പന്റെ വീട്.

പറവൂർ : ഇന്നലെ പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും പറവൂർ മേഖലയിൽ നാശനഷ്ടം. മരങ്ങൾ കടപുഴകി, വീട് തകർന്നു. തുരുത്തൂർ പള്ളിയുടെ കൊടിമരം നിലംപൊത്തി.

വഴിക്കുളങ്ങര കുട്ടമത്ത് തങ്കപ്പന്റെ വീടാണ് ഇന്നലെ രാത്രി ഒന്നരയോടെ തകർന്നുവീണത്. ഓടിട്ട വീടിന്റെ മേൽക്കൂര നിലംപൊത്തുകയായിരുന്നു. തങ്കപ്പനും ഭാര്യയുമടക്കം ഒമ്പത് അംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. ഓട് വീണു തങ്കപ്പന്റെ മകന്റെ ഭാര്യയുടെ തലയ്ക്കു പരിക്കേറ്റു. നിലവിൽ ബന്ധുവിന്റെ വീട്ടിലാണു കുടുംബം താത്കാലികമായി താമസിക്കുന്നത്.

പുത്തൻവേലിക്കര തുരുത്തൂർ സെന്റ് തോമസ് തീർഥാടനകേന്ദ്രത്തിൽ നൂറ് വർഷത്തിലേറെ പഴക്കമുള്ള കൊടിമരം വീണു. മരം നട്ടുവളർത്തി നിർമിച്ച ഈ കൊടിമരത്തിലാണ് കഴിഞ്ഞവർഷംവരെ തിരുനാൾ കൊടിയേറ്റം നടന്നത്.

പറവൂത്തറ പൂതയിൽ റോഡിൽ കെ.വി. രവീന്ദ്രന്റെ വസതിയിലുള്ള തേക്കുമരവും തെങ്ങും മറിഞ്ഞുവീണ് മതിൽതകർന്നു. വൈദ്യുതി കമ്പികൾ പൊട്ടി. പോസ്റ്റുകൾക്കു കേടുപാടുണ്ടായി. എതിർവശത്തു താമസിക്കുന്ന പ്രൊഫ.എം.ജി. രമേഷ് ബാബുവിന്റ വീടിനും ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. പറവൂത്തറ - കുരമാരമംഗലം വാദ്ധ്യാരുപറമ്പിൽ തങ്കന്റെ വീട്ടിലെ തേക്ക് മരം മറിഞ്ഞ് മതിൽതകർന്നു. 11 കെ.വി ലൈനടക്കം പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു.