മൂവാറ്റുപുഴ: അഞ്ചുവർഷം, അതിജീവിച്ചത് പത്തോളം വെള്ളപ്പൊക്കത്തെ. അടുത്ത പെരുമഴക്കാലം എത്തിയിട്ടും ബലക്ഷയം വന്ന കെ.എസ്.ഇ.ബി നമ്പർ 2 കെട്ടിടം മാമറ്റി സ്ഥാപിക്കുന്ന നടപടി എങ്ങുമെത്തിയില്ല. ഓഫീസിന് പുതിയ കെട്ടിടം കണ്ടെത്താൻ രണ്ടു വർഷം മുമ്പ് വകുപ്പ് തലത്തിൽ നൽകിയ നിർദ്ദേശമാണ് അട്ടിമറിക്കുന്നത്. 40 ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ വൺവേ ജംഗ്ഷനിൽ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ്, അഞ്ചുവർഷം മുമ്പ് കാവുങ്കര ഹോമിയോ ആശുപത്രിക്ക് സമീപമുള്ള നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇതിനടയിലുണ്ടായ വെള്ളപ്പൊക്കങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടം വകുപ്പിനുണ്ടായി.
ഫയലുകൾ മുതൽ ഇലക്ട്രിക് പോസ്റ്റുകൾ വരെ ഒലിച്ചുപോയി. ഉപകരണങ്ങൾക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈ ഘട്ടങ്ങളിൽ ഓഫീസ് പ്രവർത്തനം താറുമാറായി.തുടർന്നാണ് നിശ്ചിത വാടക പ്രകാരം പകരം കെട്ടിടം കണ്ടെത്താൻ വകുപ്പ് നിർദ്ദേശിച്ചത്.എന്നാൽ, നാളിതുവരെ മറ്റൊരു സംവിധാനം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ബലക്ഷയം വന്ന കെട്ടിടത്തില്‍ ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
കോതമംഗലം, മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, ആയവന, പായിപ്ര പഞ്ചായത്തുകളിലടക്കം 17,000 ഓളം ഉപഭോക്താക്കളാണ് സെക്ഷന് കീഴിലുള്ളത്. അനുയോജ്യമായ കെട്ടിടം ലഭിക്കാത്തതാണ് ഓഫീസ് മാറ്റി സ്ഥാപിക്കാൻ കഴിയാത്തതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അടുത്ത വെള്ളപ്പൊക്കത്തിന് മുമ്പെങ്കിലും പകരം കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.