കോതമംഗലം: കാടിറങ്ങി ആനയും പുലിയും, വടാട്ടുപാറ നിവസികൾ ആശങ്കയിൽ. വടാട്ടുപാറ അമ്മാവൻ സിറ്റിയിൽ പഴുക്കളിൽ ബേബിയുടെ വീട് കഴിഞ്ഞ ദിവസം കാട്ടാന തകർത്തു. ഇതിന് രണ്ട് ദിവസം മുമ്പ് വളർത്തുനായയെ പുലി പിടിച്ചതും കടുവ റോഡിന് കുറുകെ കടന്നതായും അഭ്യൂഹം പരന്നതോടെ ജനങ്ങൾ ഭീതിയിലായിരിക്കയാണ്. തകർത്ത വീട്ടിൽ ആൾതാമസമില്ലതിരുന്നതിനാൽ ആൾ അപായം ഇല്ല. പ്രദേശത്ത് കടുത്ത ജലക്ഷാമം ഉണ്ടായതിനെ തുടർന്ന് ബേബിയും കുടുംബവും വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. മഴ പെയ്തതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറാൻ ഇരിക്കവെയാണ് കാട്ടാന വീട് തകർത്തത്.വീടിന്റെ ഒരു വശത്തെ ഓട് മേഞ്ഞ ഭാഗം പൂർണ്ണമായും ആന തകർത്തു.
നേരത്തെ കാർഷിക വിളകൾ ആന നശിപ്പിച്ചിരുന്നെങ്കിലും വീടുകൾക്ക് നേരെ ആക്രമണം ഇതാദ്യമാണ്. തകർന്ന ഭാഗം നന്നാക്കി വീണ്ടും താമസം തുടങ്ങിയാൽ ഇനിയെന്താകുമെന്ന ആശങ്കയിലാണ് ബേബിയും കുടുംബവും .വനം വകുപ്പിന് പരാതി നൽകിയതിനെ തുടർന്ന് വനപാലകർ എത്തി പരിശോധന നടത്തി നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് രാത്രികാല പട്രോളിംഗും നിരീക്ഷണവും എർപ്പെടുത്തി. പുലിയുടെ സാമീപ്യം വീണ്ടും ഉണ്ടായാൽ നിരീക്ഷണ ക്യാമറ വയ്ക്കാനും പുലിയെ പിടികൂടുന്നതിനായി കൂടൊരുക്കാനും വനം വകുപ്പ് ആലോചിക്കുന്നുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ മുൻ കരുതലും എടുത്തിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.