കൊച്ചി: കോർപ്പറേഷൻ അധികൃതരുടെ നിരന്തരമായ പരാതികൾക്ക് പരിഹാരമാകുന്നു. തേവര മുതൽ ഇടപ്പള്ളി വരെയുള്ള കാനകളുടെ പോരായ്മകൾ പരിഹരിക്കാൻ കൊച്ചി മെട്രോ റെയിൽ (കെ.എം.ആർ.എൽ) അധികൃതർ തയ്യാറായി. നടപ്പാതകളിലെ സ്ളാബുകൾ നീക്കി കാനകളിലെ ചെളി കോരുന്ന ജോലികൾക്ക് തുടക്കമായി. കോർപ്പറേഷനിലെ ജീവനക്കാരാണ് ഇതു ചെയ്യുന്നത്. നാലുദിവസത്തിനുള്ളിൽ ശുചീകരണം പൂർത്തിയാകും.
# വില്ലൻമാരായി സ്ളാബുകൾ
മെട്രോ നിർമ്മാണത്തിന്റെ അവശിഷ്‌ടങ്ങൾ കാനകളിൽ ഉപേക്ഷിച്ചതും അശാസ്ത്രീയമായി നിർമ്മിച്ചതും നടപ്പാതകളിൾ വെള്ളക്കെട്ടുണ്ടാക്കി. ഓടകളും കൽവർട്ടുകളും അടഞ്ഞു. നടപ്പാതകൾക്ക് മീതേയുള്ള കനമുള്ള സ്ളാബുകളാണ് പ്രധാന കീറാമുട്ടിയാകുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഇളക്കാൻ പാകത്തിൽ ഇതിൽ കൊളുത്തുകളോ മറ്റ് സംവിധാനങ്ങളോ ഘടിപ്പിച്ചിട്ടില്ല. ഇത് പലതവണ ചൂണ്ടിക്കാട്ടിയിട്ടും കെ.എം.ആർ.എൽ അനങ്ങിയില്ലെന്ന് കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എം. ഹാരിസ് പറഞ്ഞു.
# കെ.എം.ആർ. എല്ലിനെതിരെ എം.എൽ.എ
വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങളോട് നിസഹകരിക്കുന്ന കെ.എം.ആർ.എല്ലിനെതിരെ ടി.ജെ. വിനോദ് എം.എൽ.എ മന്ത്രി വി.എസ്. സുനിൽകുമാറിനും ജില്ലാ കളക്ടർക്കും പരാതി നൽകി. കഴിഞ്ഞ 23 ന് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ നടപ്പാതയിലെ സ്ലാബുകളും ടൈലുകളും കെ.എം.ആർ.എൽ ഉയർത്തിക്കൊടുക്കുകയും കോർപ്പറേഷൻ ചെളികോരിമാറ്റണമെന്നും തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് ഇന്നലെ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും കെ.എം.ആർ.എൽ വേണ്ടവിധത്തിൽ സഹകരിക്കുന്നില്ലെന്ന് ടി.ജെ. വിനോദ് കുറ്റപ്പെടുത്തി. ഡിവിഷൻ കൗൺസിലർമാർക്കും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം എം.എൽ.എ ഇന്നലെ എം.ജി.റോഡിൽ സന്ദർശനം നടത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ തികച്ചും നിരുത്തരവാദിത്തപരമായ നിലപാടും മറുപടിയുമാണ് കെ.എം.ആർ.എൽ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായതെന്ന് എം.എൽ.എയുടെ പരാതിയിൽ പറയുന്നു.