കൊച്ചി: ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കാലവർഷം തുടങ്ങുമോ എന്നായിരുന്നു ഇക്കഴിഞ്ഞ വർഷം വരെ മലയാളികൾ ചർച്ച ചെയ്തിരുന്നത്. ഈ വർഷമാകട്ടെ ജൂണിൽ സ്കൂൾ തുറക്കുമോ എന്നാണ് ചിന്ത.
കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതെ എങ്ങനെ കൊവിഡ് ഭീഷണിയെ നേരിടണമെന്ന ചിന്തയിലാണ് സർക്കാർ, സ്വകാര്യ സ്കൂൾ അധികൃതർ. കേരളത്തിലെ സ്കൂളുകളിൽ അഡ്മിഷൻ നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
രക്ഷിതാവ് സ്കൂളിൽ വന്ന് അപേക്ഷ ഫോം വാങ്ങുന്നതൊഴികെ ബാക്കിയെല്ലാം ഓൺലൈനാണ്. കുട്ടികളെ നേരിൽ കണ്ടുള്ള ഇന്റർവ്യൂവും മറ്റും ഇത്തവണയില്ല. ജൂണിൽ സ്കൂൾ തുറക്കാനായില്ലെങ്കിൽ ഓൺലൈൻ വഴി വിദ്യാഭ്യാസം തുടങ്ങുന്നതിന്റെ ചർച്ചകൾ സജീവമാണ്. സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.ഇ.ആർ.ടി.സി) ആണ് സർക്കാർ വിദ്യാലയങ്ങൾക്ക് എങ്ങനെ ഓൺലൈൻ ക്ലാസ് സാധ്യമാകും എന്നതിനെ കുറിച്ച് പദ്ധതി തയ്യാറാക്കുന്നത്.
സി.ബി.എസ്.ഇ വിദ്യാലയങ്ങൾ റെഡി
ജൂൺ ആദ്യവാരം വിദ്യാലയങ്ങൾ തുറക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ പോലും മറ്റു സംവിധാനങ്ങളിലൂടെ അധ്യയനം സാധ്യമാക്കാൻ കേന്ദ്ര സർക്കാരും സി.ബി.എസ്.ഇയും നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ സി.ബി.എസ്.ഇ വിദ്യാലയങ്ങളും പുതിയ അധ്യയന വർഷത്തിനായി സജ്ജമായെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ഒന്നാം തരം മുതൽ പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങൾ ഇ-ബുക്കായി ഓൺലൈനിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്കും പുതുതായി അഡ്മിഷൻ നേടുന്നവർക്കും ഓൺലൈൻ അധ്യയനം ജൂൺ ആദ്യവാരം ആരംഭിക്കും. സ്‌കൂൾ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു. പ്രവേശനത്തിനുൾപ്പെടെ രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ കൊണ്ടുവരേണ്ടതില്ല. സി.ബി.എസ്.ഇ വിദഗ്ദ്ധരിൽ നിന്ന് അദ്ധ്യാപകർക്ക് വിഷയാധിഷ്ഠിത ഓൺലൈൻ പരിശീലനവും തുടങ്ങിക്കഴിഞ്ഞു.
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സീനിയർ വൈസ് പ്രസിഡന്റ് സിയാദ് കോക്കർ, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, ജില്ലാ ഭാരവാഹികളായ ഫാ.അബ്ദുൽ കലാം, ഫാ. ഡഗ്ലസ് പിൻഹീറോ, സിസ്റ്റർ.തിയോഫിൻ എന്നിവർ ഓൺലൈൻ യോഗം ചേർന്ന് സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.