ആലുവ: കൊവിഡ് വ്യാപനം തടയുന്നതിന് കാമ്പയിനുമായി റൂറൽ ജില്ലാ പൊലീസ്. മാസ്‌ക് പരിശോധന ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ നടത്തുന്നതെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്കും മാസ്‌ക് നിർബന്ധമാണ്. എല്ലാ സ്റ്റേഷൻ പരിധിയിലും ഒരാഴ്ചക്കാലം പ്രത്യേകമായി മാസ്‌ക് പരിശോധന നടത്തും. മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നവർക്ക് ബോധവത്കരണം നൽകുന്നുണ്ട്. തുടക്കത്തിൽ മാസ്‌ക് ഇല്ലാത്തവർക്ക് സൗജന്യമായും നൽകുന്നുണ്ട്.
വ്യാപാരസ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കഴിഞ്ഞ ദിവസം എസ്.പിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുകയും മാസ്‌കുകൾ വിതരണം നടത്തുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. മാസ്‌ക് ധരിക്കുന്നതോടൊപ്പം സാമൂഹ്യഅകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും എസ്.പി പറഞ്ഞു.