കോലഞ്ചേരി: മദ്യവിതരണം പുനരാരംഭിക്കാൻ തീരുമാനമായെങ്കിലും ആവശ്യത്തിന് മദ്യം കിട്ടുമോ എന്ന കാര്യത്തിൽ ആശങ്കകൾ ബാക്കി. അസംസ്‌കൃത വസ്തുവായ എക്‌സട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (ഇ.എൻ.എ) വില ആറു മാസത്തിനുള്ളിൽ ലിറ്ററിന് 45 രൂപയിൽ നിന്ന് 70 രൂപയായി. അതിനാൽ നിലവിലുള്ള കരാർ തുകയ്ക്കനുസരിച്ച് മദ്യം വിതരണം ചെയ്യാൻ കമ്പനികൾ മടിക്കും.
ജൂൺ 19 ന് പുതിയ ടെൻഡർ ബെവ്‌കോ ക്ഷണിച്ചിട്ടുണ്ട്. പുതിയ വിലയിൽ കരാറിൽ ഏർപ്പെടാനാകുന്ന സാഹചര്യത്തിൽ പ്രീമിയം മദ്യങ്ങൾ ഒഴിച്ചുള്ളവ വില്പനയ്‌ക്കെത്തിക്കാൻ കമ്പനികൾ തയ്യാറാകുമോ എന്ന് കണ്ടറിയണം.
ബിവറേജസ് കോർപറേഷൻ വെയർ ഹൗസുകളിൽ സ്റ്റോക്കും കുറവാണ്. സാമ്പത്തിക വർഷവസാനം സ്റ്റോക്ക് പരമാവധി കുറയ്ക്കുന്നതാണ് ബെവ്‌കോയുടെ പതിവ്. നിലവിലുള്ള സ്റ്റോക്ക് ഒരാഴ്ചയ്ക്കകം തീർന്നേക്കുമെന്നാണ് സൂചന.
പുതിയ സ്റ്റോക്ക് എത്തിച്ച് വില്പന തുടരാൻ ഒരു മാസമെങ്കിലും എടുത്തേക്കും. ഡിസ്റ്റിലറികൾ അടഞ്ഞുകിടക്കുന്നതിനാൽ വിതരണം പഴയ പടിയാക്കാൻ മൂന്നു മുതൽ ആറ് ആഴ്ച വരെ വേണ്ടിവരും.
അന്യ സംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളിലടക്കം സ്റ്റോക്ക് ഉണ്ടായിരുന്ന ഇ.എൻ.എ ഏതാണ്ട് മുഴുവനും സർക്കാർ നിർദ്ദേശ പ്രകാരം സാനിറ്റൈസറാക്കി മാറ്റിയതും പ്രതിസന്ധി സൃഷ്ടിക്കും.
ഹോട്ട് സ്‌പോട്ടുകളിലൊഴികെ ഡിസ്റ്റിലറികൾക്ക് പ്രവർത്തിക്കാമെങ്കിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പൂർണതോതിൽ ഉത്പാദനം തുടങ്ങാനാകില്ല. പല സംസ്ഥാനങ്ങളിലും ഡിസ്റ്റിലറികൾക്ക് ഒറ്റ ഷിഫ്റ്റ് മാത്രമേ അനുവദിച്ചിട്ടുള്ളൂ.