കൊച്ചി: ഹയർ സെക്കൻഡറി പരീക്ഷ ടൈം ടേബിളിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ ഒരു ദിവസം ഒരു വിഷയം മാത്രം എന്ന രീതിയിൽ ടൈംടേബിൾ പരിഷ്‌ക്കരിക്കണം. പരീക്ഷക്ക് സ്‌കൂളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും ക്രമീകരിക്കണം . ഒരു ബെഞ്ചിൽ രണ്ടു പേരെ വച്ച് പരീക്ഷയെഴുതിക്കുമ്പോൾ ആവശ്യത്തിന് ഇൻവിജിലേറ്റർമാരും പലയിടത്തും ലഭ്യമാവില്ലെന്നതിനാൽ ചർച്ചയിലൂടെ ടൈം ടേബിൾ പുന:ക്രമീകരണവും നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരിൽ ഭൂരിഭാഗവും സ്വന്തം നാടുകളിലാണ് നിലവിൽ. ജില്ലകൾ കടന്നു വേണം അധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടിക്ക് എത്താൻ. അന്യ ജില്ലകളിൽ ജോലി ചെയ്യുന്ന വനിത അധ്യാപകരിൽ ഭൂരിഭാഗവും ഹോസ്റ്റലുകളിലായും പേയിംഗ് ഗസ്റ്റുകളായുമാണ് താമസിക്കുന്നത്. ഹോസ്റ്റലുകൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ അന്യജില്ലകളിൽ ജോലിചെയ്യുന്ന ഹയർസെക്കൻഡറി അധ്യാപക‌ർക്ക് മാതൃ ജില്ലയിൽ ഡ്യൂട്ടി ചെയ്യത്തക്ക രീതിയിലുളള ക്രമീകരണങ്ങൾ ചെയ്യണമെന്നും ഇൻവിജിലേറ്റർമാർ കുറവുള്ള സ്ഥലങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ പ്രായോഗിക തലത്തിൽ ചിന്തിച്ചു തീരുമാനം എടുക്കാൻ തയാറാകണമെന്നും എച്ച്.എസ്.എസ്.ടി.എ സംസ്ഥാന നേതാക്കളായ ആർ.രാജീവൻ, അനിൽ.എം.ജോർജ്, സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.