വൈപ്പിൻ : നായരമ്പലം, എടവനക്കാട് എന്നിവിടങ്ങളിലുണ്ടാകുന്ന കടലാക്രമണം തടയുന്നതിന് ഉടൻ ജിയോ ബാഗുകൾ സ്ഥാപിക്കും. ഇതിനായി 38.40 ലക്ഷം രൂപയുടെ പ്രവൃത്തികൾ ടെണ്ടർ ചെയ്തതായി എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. എടവനക്കാട് പഞ്ചായത്തിലെ അണിയൽ, പഴങ്ങാട് എന്നിവിടങ്ങളിൽ ജിയോബാഗുകൾ സ്ഥാപിക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനുമുള്ള പ്രവൃത്തികൾക്കായി യഥാക്രമം 18 ലക്ഷം രൂപയും 10.40 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ആവശ്യമായ ജിയോബാഗുകൾ ഇതിനകം ജലവിഭവവകുപ്പ് അസി. എൻജിനീയർ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. നായരമ്പലം വെളിയത്താം കടപ്പുറത്ത് കടൽഭിത്തി പുനർനിർമ്മാണം, മണൽവാട സ്ഥാപിക്കൽ എന്നിവക്കായി പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ഈ പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുന്നതിനുള്ള നിർദേശം നൽകിയതായി എം എൽ എ വ്യക്തമാക്കി.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച എടവനക്കാട് അണിയൽ കടപ്പുറത്തെ പുതിയ പുലിമുട്ടിന്റെ നിർമ്മാണപ്രവൃത്തിയും കടൽഭിത്തി പുനർനിർമ്മാണപ്രവൃത്തിയും ടെണ്ടർ ചെയ്‌തെങ്കിലും ആരും ഇതുവരെ കരാർ ഏറ്റെടുത്തിട്ടില്ല. യഥാക്രമം 48 ലക്ഷം രൂപയും 35 ലക്ഷം രൂപയുമാണ് ഈ പ്രവൃത്തികൾക്കായി അനുവദിച്ചിട്ടുള്ളത്.