ആലുവ: റെഡ് സോൺ ആയ ചെന്നൈയിൽ നിന്നുമെത്തിയ ഏഴംഗ സംഘം വാടക വീട്ടിൽ ഹോം ക്വാറന്റൈൻ ലംഘിച്ചതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. പൊലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് ഇവരെ ചാലക്കുടി സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റി.

ഇന്നലെ രാവിലെ 10 മണിയോടെയാണ് കീഴ്മാട് സൊസൈറ്റിപ്പടി സ്വദേശികളായ 50നും 60നും ഇടയിൽ പ്രായമുള്ള ഏഴ് പേർ ചെന്നൈയിൽ നിന്നും നാട്ടിലെത്തിയത്. ഒരാൾ സ്വന്തം വീട്ടിലും മറ്റുള്ളവർ ഒരുമിച്ച് വാടക വീടെടുത്തും ഹോം ക്വാറന്റൈന് തീരുമാനിച്ചു. ചട്ടങ്ങൾ ലംഘിച്ച് സംഘം റോഡിലേക്കും കടയിലേക്കും എത്തിയതോടെ നാട്ടുകാർ എതിർത്തു.

പഞ്ചായത്തിൽ അറിയിച്ചെങ്കിലും യാതൊരു ഇടപെടലും നടത്തിയിരുന്നില്ല. വൈകുന്നേരത്തോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. എടത്തല സി.ഐ പി.ജെ. നോബിളും സംഘവും രാത്രി എട്ട് മണിയോടെ സ്ഥലത്തെത്തിയ ശേഷമാണ് പഞ്ചായത്ത് അധികൃതർ ജില്ലാ ഭരണകൂടം മുഖേന ചാലക്കുടിയിലെ ക്വാറന്റൈനിലേക്ക് മാറ്റാൻ നടപടിയെടുത്തത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.