കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ഹർജി നൽകിയ കളമശേരി സ്വദേശി ഗിരീഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് വിജിലൻസ് ഐ.ജി. അന്വേഷിച്ച് ജൂൺ എട്ടിന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഭീഷണിയുണ്ടെന്ന് പരാതി കിട്ടിയാൽ കളമശേരി പൊലീസ് സ്റ്റേഷൻ ഓഫീസർ നടപടി സ്വീകരിക്കണം. ഫ്ളൈ ഓവർ നിർമ്മാണത്തിലെ ക്രമക്കേടിലൂടെ സമ്പാദിച്ച പണം വി.കെ. ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗിന്റെ ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ മാറ്റിയെടുത്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഹർജികൾ പിൻവലിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഹർജിയിൽ പറയുന്നത്. കേസ് പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്‌തു. തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ഹർജിയിലുണ്ട്.