കൊച്ചി: വികസന പദ്ധതിക്ക് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്തിന് നൽകുന്ന നഷ്ടപരിഹാരത്തുകയ്ക്ക് ആദായനികുതി ബാധകമല്ലെന്ന് ഹൈക്കോടതി . നിർബന്ധിതമോ കരാർ പ്രകാരമോ ആയാലും ,ഏറ്റെടുത്തത് കൃഷിഭൂമിയോ കൃഷിയിതര ഭൂമിയോ ആയാലും ആദായ നികുതി ഈടാക്കാൻ പാടില്ലെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
തമ്മനം പുല്ലേപ്പടി റോഡ് വികസനത്തിന് ഏറ്റെടുത്ത സ്ഥലത്തിന് ലഭിച്ച നഷ്ടപരിഹാരത്തുകയിൽ നിന്ന് 9.4 ലക്ഷം രൂപ ആദായ നികുതി അടക്കാൻ ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി.
2016 ൽ കരാർ പ്രകാരം ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരത്തിൽ 80 ശതമാനം തുക ഹർജിക്കാരന് നൽകിയിരുന്നു. 2013 ലെ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്വിസിഷൻ ആൻഡ് റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെൻറ് ആക്ട് പ്രകാരം നഷ്ടപരിഹാരത്തുകക്ക് ആദായ നികുതി ഈടാക്കാൻ കഴിയില്ലെന്നായിരുന്നു ഹർജിയിലെ വാദം. സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സസ് പുറപ്പെടുവിച്ച 2016 ലെ സർക്കുലർ പ്രകാരം, നഷ്ടപരിഹാരത്തിന് ആദായ നികുതി ബാധകമല്ലെന്ന വാദവും കോടതി അംഗീകരിച്ചു.