കോലഞ്ചേരി : സർക്കാർ നല്കിയ ക്ഷേമ പെൻഷനുകളിൽ കുടിയന്മാരുടെ വിഹിതത്തിൽ ഏറിയ പങ്കും മദ്യത്തിലൂടെ സർക്കാരിനു തന്നെ തിരിച്ചെത്തും. കുടിശിക അടക്കം 6000-8000 രൂപ വരെ പെൻഷൻ കിട്ടിയവരുണ്ട്. മദ്യം ലഭ്യമല്ലാത്തതിനാൽ പെൻഷന്റെ സിംഹഭാഗവും മിക്കവരുടെയും അക്കൗണ്ടുകളിൽ വിശ്രമിക്കുകയാണ്. ബാറും ഷാപ്പും ബിവറേജസും തുറന്നാൽ പണവുമായി പായാൻ കാത്തിരിക്കുകയാണ് ഇക്കൂട്ടർ.
ആപ്പ് ഉപയോഗിക്കാനായി ധാരാളം സാധാരണക്കാരായ കുടിയന്മാർ സ്മാർട്ട് ഫോണും സിം കാർഡുകളുമൊക്കെ സംഘടിപ്പിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കൂടുതൽ സിമ്മുകൾ ചെലവായതായി മൊബൈൽ ഷോപ്പുടമകളും പറയുന്നു.
35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ്പ്. തയാറാക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ പത്ത് ലക്ഷത്തോളം ആളുകൾ ബിവറേജ് ഷോപ്പുകളിലെത്തുന്നുണ്ട്.
സാധാരണ ഫീച്ചർ ഫോണുകളിൽനിന്നു എസ്.എം.എസ് വഴി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
ആപ്പ് വഴി മദ്യത്തിന്റെ ബ്രാൻഡ് തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പറിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാകണം. ബ്രാൻഡ് തെരഞ്ഞെടുത്ത് പണം നൽകി വാങ്ങാം.
ബെവ് ക്യൂ എന്നതാണ് ആപ്പിനു പേരെന്നാണ് സൂചനകൾ.
തട്ടിപ്പുകാരും രംഗത്ത്
ബെവ്കോയുടെ പേരിൽ തട്ടിപ്പ് ആപ്പുകളും പ്ളേ സ്റ്റോറിൽ വന്നു. ബെവ്‌കോ ആപ്പിൽ പണം അടയ്ക്കാൻ ആവശ്യപ്പെടില്ല. വ്യാജന്മാർ പണം ആദ്യമേ ചോദിക്കും.
കൊച്ചി കടവന്ത്രയിലെ ഫെയർ കോഡ് ടെക്‌നോളജീസാണ് ആപ്പ് വികസിപ്പിച്ചത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങൾ ആപ്പിലുണ്ടാകും.
പ്രവേശിച്ചാൽ ആദ്യം ജില്ല തിരഞ്ഞെടുക്കണം. തുടർന്ന് പിൻകോഡ് നൽകി കടകൾ തിരഞ്ഞെടുക്കാം.
• ആ പണം ബിവറേജസിന്
ഭർത്താവ് തേവന് 7000 രൂപ ക്ഷേമപെൻഷൻ ലഭിച്ചിട്ടുണ്ട്. വീട്ടിലേക്ക് നയാപൈസ നൽകിയിട്ടില്ല. ലോക്ക് ഡൗണിൽ കൂലിയില്ലാതെ കഷ്ടപ്പെട്ടിട്ടും അതിൽ തൊട്ടില്ല. ബാങ്കിൽ തുക ഭദ്രമാണ്. അത് ബിവറേജസ് ഷോപ്പിനുള്ളതാണ്. കഴിഞ്ഞ ദിവസം പുതിയ സിം കാർഡെടുത്തിട്ടുണ്ട്.
ചേലയ്ക്കൽ തങ്കമ്മ, പട്ടിമറ്റം