high-court

വർഷങ്ങൾക്ക് മുമ്പാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ. ചെലമേശ്വർ സുപ്രീം കോടതി ജഡ്ജിയായി പോകുന്ന സമയം. യാത്രാ മംഗളം നേരാനായി കോടതി ലേഖകർ അദ്ദേഹത്തെ ചേംബറിൽ പോയി കണ്ടു. സംസാരിക്കുന്നതിനിടെ ചോദിച്ചു. കേരള ഹൈക്കോടതിയിലെ പ്രവർത്തനകാലത്തെ സർ എങ്ങനെയാണ് വിലയിരുത്തുന്നത്. ഒന്നു ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു. ഇവിടെയിരുന്നാൽ വിധിന്യായങ്ങൾ എഴുതാൻ കഴിയില്ല. എല്ലാവരും പരസ്പരം നോക്കി. ഞങ്ങളുടെ അമ്പരപ്പ് കണ്ടിട്ടാവണം. അദ്ദേഹം തന്റെ ചേംബറിൽ നിന്ന് പുറത്തേക്ക് തുറക്കുന്ന ജനാല ചൂണ്ടിക്കാട്ടി. പുറത്ത് ഹൈക്കോടതിയോടു ചേർന്നുള്ള മംഗളവനത്തിന്റെ അതിമനോഹരമായ പച്ചപ്പ്.

ദാ നോക്കൂ. ഇവിടെയിരുന്നാൽ വിധിന്യായങ്ങളല്ല, കവിതയാണ് എഴുതാൻ തോന്നുക. അദ്ദേഹം വീണ്ടും ചിരിച്ചു. ശരിയാണ്. പച്ചപുതച്ച മംഗളവനത്തിന്റെ ഒാരം ചേർന്നു നിൽക്കുന്ന കേരള ഹൈക്കോടതിയിലെ വിധിന്യായങ്ങളിൽ പലതിലും കവിതയുണ്ട്. ചിലപ്പോഴൊക്കെ കവിത തുളുമ്പുന്ന വിധികളുമുണ്ടായിട്ടുണ്ട്. ഇംഗ്ളീഷ് ഭാഷയിലെ പാണ്ഡിത്യമല്ല, സാധാരണക്കാരന്റെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞ്, ലളിതമായ ഭാഷയിൽ കുറിച്ചിട്ട വരികളാണ് ഇത്തരം വിധിന്യായങ്ങളെ ഏറെ ശ്രദ്ധേയമാക്കുന്നത്.

 അമ്മയല്ലാതെ ദൈവമാരുണ്ട് ?

എല്ലായിടത്തും എത്താൻ കഴിയാത്തതുകൊണ്ടാണ് ദൈവം ഭൂമിയിൽ അമ്മമാരെ സൃഷ്ടിച്ചതെന്നൊരു ചൊല്ലുണ്ട്. അമ്മയുടെ മഹത്വത്തെ പല കവികളും വാഴ്‌ത്തിപ്പാടിയിട്ടുമുണ്ട്. തന്റെ മകളെയോ മകനെയോ തിരിച്ചു കിട്ടാൻ വഴിക്കണ്ണുമായി കാത്തിരുന്ന് ഒടുവിൽ കരഞ്ഞു തളർന്നെത്തിയ അമ്മമാർ, രാഷ്ട്രീയ പകപോക്കലുകളുടെ വാൾ മുനയിൽ ജീവിതം തീർന്നുപോയ മക്കൾക്ക് നീതി കിട്ടാൻ അലമുറയിട്ടെത്തിയ അമ്മമാർ, വയസുകാലത്ത് മക്കൾ തെരുവിലേക്ക് ആട്ടിയിറക്കിവിട്ട പരാതി പറയാൻ ഒാടിയെത്തിയ അമ്മമാർ.. ഇങ്ങനെ സങ്കടങ്ങൾ പെയ്തു തോരാത്ത കണ്ണുകളുമായി അഭയം തേടിയെത്തിയ അമ്മമാരെ ചേർത്തു പിടിച്ച് കേരള ഹൈക്കോടതി എത്രയോ തവണ ഹൃദയസ്പർശിയായ വിധിന്യായങ്ങൾ എഴുതി. രണ്ടു വർഷം മുമ്പാണ്. ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് അഞ്ചു വയസുള്ള കുട്ടിയെ വിട്ടുകിട്ടാൻ ഒരു അമ്മ നൽകിയ ഹർജിയിൽ ജസ്റ്റിസ് വി. ചിദംബരേഷും ജസ്റ്റിസ് സതീഷ് നൈനാനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കുട്ടിയെ അമ്മയ്ക്കൊപ്പം വിടാൻ നിർദ്ദേശിച്ചു. കുടുംബക്കോടതി നിയമപരമായി വിട്ടു നൽകിയ കുട്ടിയെ അനധികൃതമായി ഭർതൃ വീട്ടുകാർ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിലടക്കം കയറിയിറങ്ങിയശേഷമാണ് ഹൈക്കോടതിയിലെത്തിയത്. അമ്മയ്ക്ക് കുട്ടിയെ വിട്ടു നൽകാൻ നിർദ്ദേശിച്ച ഡിവിഷൻ ബെഞ്ചിന്റെ വിധി തുടങ്ങുന്നതു തന്നെ രജനികാന്ത് അഭിനയിച്ച മന്നൻ എന്ന ചിത്രത്തിനു വേണ്ടി വാലി രചിച്ച് ഇളയരാജ ഇൗണമിട്ട് യേശുദാസ് ആലപിച്ച ഗാനത്തിന്റെ രണ്ടു വരികളിലാണ് . അമ്മാ എൻട്രഴൈക്കാത ഉയിരില്ലയേ, അമ്മാവെ വണങ്കാതെ ഉയിരില്ലയേ.. കഴിഞ്ഞില്ല. വിധിന്യായത്തിന്റെ ഒടുവിൽ കർദ്ദിനാൾ മെർമിലോഡിന്റെ വിശ്വപ്രസിദ്ധമായ വരികൾ വിധിന്യായത്തിൽ ചേർത്തു വച്ചു. : ഒരമ്മയ്ക്കു പകരമാകാൻ ആർക്കും കഴിയില്ല...

 കേരളത്തിനു വേണ്ടിയൊരു കവിത

2018 ലെ പ്രളയകാലത്താണ്. ദുരിതങ്ങളുടെ കാണാക്കയങ്ങളിൽ മുങ്ങിത്താണ കേരളം സഹായത്തിനായി ലോകമെങ്ങുമുള്ളവരുടെ കാരുണ്യം തേടുന്ന കാലം. കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ആന്ധ്ര തിരുപ്പതി സ്വദേശി ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു കേരളത്തിന്റെ കണ്ണീരൊപ്പാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു കവിത എഴുതി പ്രസിദ്ധീകരിച്ചിരുന്നു. എന്റെ നാടിനേകണം ഒരു കൈ സഹായം എന്ന തലക്കെട്ടിലാണ് അദ്ദേഹം കവിതയെഴുതിയത്. ആന്ധ്രയിലെ ഒരു മാദ്ധ്യമത്തിൽ ഇതു പ്രസിദ്ധീകരിച്ചു.

ദൈവത്തിനു ദാനം നൽകിയ നാട്

നമ്മെ നോക്കി കരുണയ്ക്കായി കേഴുന്നു

ഇവിടെ വീണ്ടും പ്രകൃതി തളിരിടും, ആ

കണ്ണീരു നമുക്ക് തുടയ്ക്കാനായാൽ...
2014 ലാണ് ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡു കേരള ഹൈക്കോടതിയിലേക്ക് എത്തിയത്. ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറിപ്പോയപ്പോൾ നൽകിയ യാത്രയയപ്പിൽ അദ്ദേഹം പറഞ്ഞു : ഞാൻ ഇത്രയും നാൾ ജീവിച്ചത് ഏറെ നന്മയുള്ള കേരളത്തിലാണ്. തിളക്കമുള്ള സംസ്കാരം. കുലീനരായ മനുഷ്യർ. ഞാൻ ഇൗ നാട്ടിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും.

 കണ്ണീരുണങ്ങാത്ത ഒരു റിപ്പോർട്ട്

ചില സംഭവങ്ങളിൽ ജില്ലാ ജഡ്ജിമാരിൽ നിന്ന് റിപ്പോർട്ട് തേടി വസ്തുതകൾ വിലയിരുത്തി തീർപ്പുണ്ടാക്കുന്ന രീതി കേരള ഹൈക്കോടതിയിലുണ്ട്. നിയമപരമായ ഇത്തരം റിപ്പോർട്ടുകളിൽ സംഭവങ്ങളുടെ വസ്തുതകളും കാരണങ്ങളും പോരായ്മകളുമൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ടാകും. ഇത്തരം പതിവു റിപ്പോർട്ടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു റിപ്പോർട്ടിന്റെ കഥ കൂടി പറയാം. സുൽത്താൻ ബത്തേരിയിലെ സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ പാമ്പു കടിയേറ്റു മരിച്ച സംഭവം. കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാൻകൂടിയായിരുന്ന ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം വയനാട് ജില്ലാ ജഡ്ജി എ. ഹാരിസിനോട് സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് ജില്ലാ ജഡ്ജി തയ്യാറാക്കി നൽകിയ റിപ്പോർട്ട് സമഗ്രമായിരുന്നു. സ്കൂൾ - ആശുപത്രി അധികൃതരുടെ വീഴ്ചകൾ അദ്ദേഹം അക്കമിട്ടു ചൂണ്ടിക്കാട്ടിയിരുന്നു. ആ റിപ്പോർട്ടിനൊടുവിൽ അദ്ദേഹം വാക്കുകൾ കൊണ്ടു വരച്ചു ചേർത്ത ഒരു ചിത്രമുണ്ട്. പാമ്പുകടിയേറ്റു വീണുപോയ സ്വന്തം മകളെ തനിച്ചു തോളിലേറ്റി ഒാട്ടോയിലേക്ക് കയറ്റുന്ന ഹതഭാഗ്യവാനായ ഒരച്ഛന്റെ സി.സി.ടി.വി ദൃശ്യം. മകളുടെ മരണത്തിൽ പരാതിയില്ലെന്നും കേസുമായി പോകാനില്ലെന്നും അച്ഛനും അമ്മയും പിന്നീടു പറഞ്ഞതും ജില്ലാ ജഡ്ജി രേഖപ്പെടുത്തിയിട്ടുണ്ട്. മരണം കടന്നു പിടിച്ച മകളെ തോളിലേറ്റി നടന്നുപോയ നിസഹായനായ അച്ഛന്റെ ചിത്രം വരച്ചിട്ട റിപ്പോർട്ട് മലയാളിയുടെ മനസിൽ നെരിപ്പോടു പോലെ എരിഞ്ഞുകൊണ്ടിരിക്കും.