choorni
ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച കോൺഗ്രസ് അംഗങ്ങൾ ധർണ നടത്തുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ തോടുകളും കാനകളും വൃത്തിയാക്കാത്തതിലും കട്ടേപ്പാടം റോഡിലെയും ദേശീയപാതയ്ക്കരിലെയും മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനുമെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷപ്രതിഷേധം. യോഗത്തിൽ നിന്നിറങ്ങിപ്പോന്ന മുൻ പ്രസിഡന്റ് ബാബു പുത്തനങ്ങാടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കാര്യാലത്തിൽ ധർണ നടത്തി.

എട്ടാം വാർഡിൽ ടാലന്റ് പബ്ലിക് റോഡിലേയ്ക് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ മാസങ്ങളായി പരാതി നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. തോടുകളുടെ നവീകരണം പൂർത്തീകരിച്ചില്ലെങ്കിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയുണ്ടാകും. അരക്കോടി ചെലവഴിച്ച് പണിത പഞ്ചായത്തിന്റെ പുതിയ അനക്‌സ് കെട്ടിടം രണ്ടുവർഷമായി വെറുതെ കിടക്കുകയാണ്. അശാസ്ത്രീയമായിട്ടാണ് കെട്ടിടം പണിതിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് ബാബു പുത്തനങ്ങാടി, ലിനേഷ് വർഗീസ്, രാജി സന്തോഷ്, സതി ഗോപി, ലിസി സാജു, ജാസ്മിൻ ഷെറീഫ്, ഷൈനി ശിവാനന്ദൻ തുടങ്ങിയവരാണ് ഇറങ്ങിപ്പോയത്. ഇതിനിടെ കമ്പനിപ്പടി മനയ്ക്കത്താഴം, ഗ്രാന്റ് ഫ്രഷ് തേടുകളുടെ വൃത്തിയാക്കുന്നത് തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 17- ാം വാർഡ് അംഗം പി.കെ.യൂസഫും യോഗം ബഹിഷ്‌കരിച്ചു.