കൊച്ചി: കൊവിഡ് ബാധിതരെ ചികിത്സിക്കാനും പ്രതിരോധപ്രവർത്തനങ്ങൾക്കുമായി ഇന്ത്യയിൽനിന്ന് 105 അംഗ മെഡിക്കൽസംഘം ഇന്നലെ അബുദാബിയിൽ എത്തി. യു.എ.ഇ സർക്കാരിന്റെ ക്ഷണപ്രകാരം കൊച്ചിയിൽ നിന്ന് എത്തിഹാദ് എയർവേയ്‌സിന്റെ ചാർട്ടേഡ് വിമാനത്തിലായിരുന്നു യാത്ര.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്രപങ്കാളിത്തം ആരോഗ്യമേഖലയിൽ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് ഇന്ത്യൻസ്ഥാനപതി പവൻ കപ്പൂർ പറഞ്ഞു.
യു.എ.ഇയിലെ ആരോഗ്യസേവനദാതാവും കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിന്റെ മാതൃസ്ഥാപനവുമായ വി.പി.എസ് ഹെൽത്ത്‌കെയറാണ് സംഘത്തെ റിക്രൂട്ട് ചെയ്തത്. അടിയന്തര പരിചരണ വിദഗ്ദ്ധരായ നഴ്‌സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ സംഘത്തിലുണ്ട്. അവധിക്ക് നാട്ടിൽവന്നു ലോക്ക് ഡൗണിൽ തിരിച്ചുപോവാനാകാതെ കുടുങ്ങിയ ആരോഗ്യമേഖലയിലെ 30 പേരും ഇവരിൽപ്പെടുന്നു.
വി.പി.എസ് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്റെ അഭ്യർത്ഥനയെത്തുടർന്ന് കേന്ദ്രവിദേശകാര്യ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ യാത്രയ്ക്ക് അനുമതി നൽകിയിരുന്നു.