ആലുവ: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള തുരുത്ത് റെയിൽവേ നടപ്പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് എൻ.വൈ.സി പാലത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. തുരുത്ത് ഗ്രാമത്തെ ആലുവ നഗരവുമായി ബന്ധിപ്പിക്കുന്ന നടപ്പാലം അതീവ ഗുരുതരാവസ്ഥയിലാണ്. നാല്‌വശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്ത് നിവാസികൾക്ക് മിനിറ്റുകൾക്കകം നഗരത്തിൽ എത്താൻ കഴിയുന്ന മാർഗമാണ് ഈ റെയിൽവേ നടപ്പാലം. അല്ലെങ്കിൽ പത്ത് കിലോമീറ്ററോളം ചുറ്റേണ്ടിവരും. ഇരുമ്പ് കമ്പികളിൽ മൂന്ന് അടി വീതിയിലുള്ള ഇരുന്നൂറോളം കോൺക്രീറ്റ് സ്ലാബുകൾ നിരത്തിയാണ് പാലം നിർമ്മിച്ചിട്ടുള്ളത്. റെയിൽവെയുടെ കെടുകാര്യസ്ഥതമൂലം സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. പാലത്തിന്റെ സ്ലാബുകൾ ദ്രവിച്ചു. പാതയിലൂടെ സഞ്ചരിക്കുന്ന കുട്ടികൾ അടക്കമുള്ളവരുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയിലാണ്.
എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ സമരം ഉദ്ഘാടനം ചെയ്തു. ആലുവ ബ്ലോക്ക് പ്രസിഡന്റ് അഷ്‌കർ സലാം അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സമിതിഅംഗം മുരളി പുത്തൻവേലി, എൻ.വൈ.സി ജില്ലാ വൈസ് പ്രസിഡന്റ് ഷെർബിൻ കൊറയ, രാജു തോമസ് എന്നിവർ പങ്കെടുത്തു.