കൊച്ചി: മഴക്കാലത്തിന് മുന്നോടിയായി പ്രളയസാദ്ധ്യതകൾ മുന്നിൽ കണ്ട് അത് ലഘൂകരിക്കുന്നതിനുളള യാതൊരു നടപടികളും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് എം.എൽ.എമാരായ വി.ഡി. സതീശൻ, ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി.എം.ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമല്ല. മഹാപ്രളയത്തിന് ശേഷവും ഫ്ളെഡ് പ്ളെയിൻ മാപ്പിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. പ്രളയസാദ്ധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി മാർക്ക് ചെയ്ത് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നത് ദേശീയദുരന്തനിവാരണ നിയമത്തിന്റെ ഭാഗമാണ്. കൊവിഡ് പശ്ചാത്തലത്തിൽ ചെറിയ തോതിലുള്ള പ്രളയംപോലും ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. പ്രളയപ്രതിരോധത്തിനായി കഴിഞ്ഞ രണ്ടുവർഷത്തിനിടെ ജില്ലയിൽ ഒരു പദ്ധതിപോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.എൽ.എമാർ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
# പ്രളയത്തെത്തുടർന്ന് ഡാമുകളിലും നദീതടങ്ങളിലും അടിഞ്ഞുകൂടിയ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യുക
# നദികളിലെ മണൽവാരുന്നതിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏൽപ്പിക്കുക
# ഇടത്തോടുകളിലെ ചെളി നീക്കുക
# റിസർവോയറുകളെയും നദീതടങ്ങളെയും സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റുകളിൽ നൽകണം
# റിസർവോയറുകൾ കേന്ദ്രമാക്കി റിയൽടൈം മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണം
# ഡാമുകളിലെയും നദീതടങ്ങളിലെയും വെള്ളത്തിന്റെ അളവ് ശ്രദ്ധയോടെ നിരീക്ഷിക്കുക
# നദീതടങ്ങളെ പ്രത്യേകമായി തരംതിരിക്കുക
# ആലുവ കേന്ദ്രമാക്കി സ്ഥിരമായ മോണിറ്ററിംഗ് കേന്ദ്രം സ്ഥാപിക്കുക