നിർമ്മാണ മേഖലയിലെ സ്തംഭനം തുടരുന്നു
കോലഞ്ചേരി: ലോക്ക് ഡൗൺ ഇളവു ലഭിച്ചെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ അഭാവവും വില വർദ്ധനയും കാരണം ജില്ലയിൽ നിർമാണമേഖല സ്തംഭനത്തിൽ. അടച്ചിടൽ ഇളവിനെത്തുടർന്ന് ജില്ലയുടെ വിവിധ മേഖലകളിൽ നിർത്തിവെച്ചിരുന്ന നിർമാണങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയതോടെ നിർമാണങ്ങൾ നിലച്ചു.
കൂടിയ വിലകൊടുത്താലും ആവശ്യത്തിന് അസംസ്‌കൃത വസ്തുക്കൾ കിട്ടാനില്ല. തമിഴ്‌നാട്ടിൽനിന്നു സിമന്റ് വരവ് നിലച്ചു. സിമന്റ് കട്ട നിർമാണ ശാലകളിൽ പലതും അടച്ചിട്ടിരിക്കുകയാണ്. അടച്ചിടൽ കാലത്ത് സംഭരിച്ച സിമന്റ് കട്ട പിടിച്ചതിനാൽ സിമന്റ് സംഭരിക്കാൻ വ്യാപാരികളും മടി കാണിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം കൃത്രിമക്ഷാമമാണെന്ന ആരോപണവും വ്യാപകമാണ്.
ഇളവ് വന്നപ്പോൾ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും എപ്പോൾ വേണമെങ്കിലും നിർത്തിവെക്കാവുന്ന അവസ്ഥയിലാണെന്ന് പട്ടിമറ്റം സ്വദേശിയായ മേസ്തിരി പോൾസൺ പറയുന്നു. മാസങ്ങളോളം പണിയില്ലാതെ വീട്ടിലിരുന്നു. കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. ബൈക്ക് ലോൺ ഉണ്ടായിരുന്നത് മൊറട്ടോറിയം ഉള്ളതുകൊണ്ട് അടച്ചിട്ടില്ല. നിർമാണ സാമഗ്രികൾക്ക് വില കൂടിയതോടെ പണി നിർത്തണമെന്നാണ് കരാർ എടുത്തവർ പറയുന്നത്. പുതിയ പണികളൊന്നും ഇനി കിട്ടാനിടയില്ല. മുന്നോട്ടുള്ള കാര്യം ആലോചിക്കുമ്പോൾ ജീവിതത്തിൽ ശൂന്യത മാത്രമാണുള്ളത്. അന്യസംസ്ഥാന തൊഴിലാളികളും കൂട്ടമായി നാടുവിട്ടതോടെ ഹെൽപ്പർമാരുമില്ല. നാളിതുവരെ ലോക്ക് ഡൗണായ ജീവിതം പൂർണമായും ലോക്കായെന്ന് പോൾസൺ പറയുന്നു.
വിലവർദ്ധന
ലോക്ക് ഡൗണിനുമുമ്പ് ഇപ്പോൾ
സിമന്റ് : 390 430
കമ്പി: 45 54
പാറപ്പൊടി (ഒരു അടി): 36 45
എം.സാൻഡ് : 50 65
ഇഷ്ടിക : 8 11