കോലഞ്ചേരി: ഒട്ടും ഫിറ്റല്ല, ഫിറ്റ്നെസുകാർ. ലോക്ക് ഡൗണാണ് പ്രശ്നമായത്. മാസം രണ്ടു കഴിഞ്ഞു ജിമ്മന്മാർ ഫിറ്റ്നസ് സെന്ററുകളിൽ മസിലു പെരുപ്പിച്ചിട്ട്. രാവിലെ വർക്കൗട്ടും കഴിഞ്ഞ് കണ്ണാടിയ്ക്ക് മുന്നിൽ പോയി മസിലൊന്ന് മിനുക്കാൻ ഇനി എത്രനാൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ആശങ്ക.

ജിമ്മിൽ വർക്ക് ഔട്ട് ചെയ്തിരുന്നവരുടെ ദിനചര്യകളെ കൊവിഡ് മാ​റ്റി മറിച്ചു. പ്രഭാത നടത്തത്തിന് ഇളവുകൾ ലഭിച്ചിട്ടും ജിമ്മുകളോ ഹെൽത്ത് ക്ലബ്ബുകളോ തുറക്കാൻ നിർദേശം വന്നിട്ടില്ല. ലോക്ക് ഡൗൺ നീളുന്ന ഓരോ ദിവസവും പ്രതിസന്ധിയിലാകുന്നവരിൽ ഒരുവിഭാഗം, ലക്ഷങ്ങൾ മുടക്കി ജിമ്മുകൾ തുടങ്ങിയവരാണ്.

മാർച്ച് 15 മുതൽ പൂട്ടിയ ജിമ്മുകൾ പൊടി തട്ടാൻപോലും തുറന്നിട്ടില്ല. ട്രെഡ്മിൽ, എയറോബിക് സ്റ്റെപ്പർ, സ്റ്റേഷനറി ബൈക്കുകൾ, കേബിൾ പുള്ളി മെഷീൻ, വെയ്​റ്റ് മെഷീനുകൾ, മൾട്ടി ജിം തുടങ്ങി കുറഞ്ഞത് 10 ലക്ഷം രൂപയുടെ ഉപകരണങ്ങളെങ്കിലും ശരാശരി ഒരു ജിമ്മിലുണ്ടാവും. ഇക്കൂട്ടത്തിൽ കൃത്യമായി ഓയിലിട്ട് കൊടുക്കേണ്ടവയുമുണ്ട്.കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരു ജിമ്മിലും ഇതൊന്നും നടക്കുന്നില്ല.

എറണാകുളം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ കീഴിൽ മാത്രം ജില്ലയിൽ നൂറോളം ജിമ്മുകളുണ്ട്. ഹെൽത്ത് ക്‌ളബ്ബുകൾ വേറെയും.

15,000 രൂപ മുതൽ 30,000 രൂപ വരെ വാടക കൊടുക്കുന്നവയാണ് ഓരോന്നും. ആദ്യത്തെ ഒരുമാസം വാടകയിൽ ചില ഇളവുകളൊക്കെ ലഭിച്ചെങ്കിലും പിന്നെ കെട്ടിട ഉടമകളും വാടക ചോദിക്കാൻ നിർബന്ധിതരായെന്ന് ജിം ഉടമകൾ പറയുന്നു. എല്ലാത്തിലുമുപരി ആശങ്കപ്പെടുത്തുന്ന ഒന്നാണ് ജിമ്മുകളിലേക്ക് ഇനി ആളുകൾ മടങ്ങിയെത്തുമോയെന്നത്.

രണ്ടു ദിവസം ജിമ്മിൽ വന്ന് പി​റ്റേന്നു മുതൽ മടി പിടിച്ചിരിക്കുന്ന മലയാളികളുടെ കാര്യത്തിൽ മൂന്നു മാസമെന്നത് വലിയൊരു കാലാവധി തന്നെയാണ്‌. മാത്രമല്ല പോയ മസിലൊക്കെ തിരിച്ചെത്തിക്കാൻ സമയമെടുക്കുമെന്നതും ഇവരെ അലസരാക്കുമോ എന്ന സംശയവുമുണ്ട്.