photo
രാജേഷ്‌, ഷൈജി ദമ്പതികളുടെ മകൻ ആവിഷ് കൃഷ്ണ ഭക്ഷണപ്പൊതി കൈമാറുന്നു

വൈപ്പിൻ : ലോക്ക് ഡൗണിൽ ആട്ടോ ഓട്ടം നിലച്ചു. ആലുവ റെയിൽവെ സ്റ്റേഷനിലെ കരാർ ജോലി പോയി. തട്ടുകടയ്ക്കും പൂട്ടുവീണു. ഇതോടെ ജീവിതം എന്താകുമെന്ന ചിന്തയായിരുന്നു നായരമ്പലം വെളിയത്താംപറമ്പ് മങ്ങാട്ട് സ്വദേശികളായ രാജേഷിന്റെയും ഭാര്യ ഷൈജിയുടെയും മനസിൽ. ഇതിനിടെ അടഞ്ഞുകിടന്ന തട്ടുകട വൃത്തിയാക്കാൻ ഇരുവരും അടുത്തിടെ ആലുവയിൽ എത്തി. കണ്ട കാഴ്ച ഇരുവരെയും ഞെട്ടിച്ചു. ഭക്ഷണവുമായി എത്തിയതാണെന്ന് കരുതി നിരവധിപേർ ഇവർക്ക് മുന്നിൽ തടിച്ചുകൂടിയത് നൊമ്പരമായി. കണ്ണുനനയിച്ച ഈ അനുഭവം ഇരുവരെയും അശരണർക്ക് ഒരുനേരത്തെ അന്നം എത്തിക്കണമെന്ന തീരുമാനത്തിൽ എത്തിച്ചു. അന്നുമുതൽ ആഹാരമെത്തിച്ച് നൽകുകയാണ് ഈ നിർദ്ധന ദമ്പതികൾ.

ചെമ്മീനും പൊരിച്ച മീനുമടക്കം വിഭവസമൃദ്ധമാണ് ഭക്ഷണം. ഇതുവരെ 75ലധികം പേർക്ക് ഇവർ ഭക്ഷണം നൽകി. നായരമ്പലം സ്റ്റാൻഡിലാണ് രാജേഷ് ഓട്ടോ ഓടുന്നത്. ഷൈജ ആലുവ റെയിൽവെ സ്റ്റേഷനിൽ ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസറായിരുന്നു. ഒരു ജോലികൊണ്ടുമാത്രം കുടുംബം പോറ്റാനാകില്ലെന്ന തിരിച്ചറിവിലാണ് റെയിൽവെ സ്റ്റേഷന് സമീപം തട്ടുകട ആരംഭിച്ചത്. രണ്ട് ജോലിയും ചെയ്യേണ്ടതിനാൽ പുലർച്ചെ നാലരമണിക്ക് ഷൈജി വീട്ടിൽ നിന്നിറങ്ങും. റെയിൽവെ സ്റ്റേഷനിലെ ജോലിക്കുശേഷം തട്ടുകടയിലെ ജോലിയും കഴിഞ്ഞ് രാത്രി പത്ത് മണിക്കാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്. മകനും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായ ആവിഷ് കൃഷ്ണയും ഭക്ഷണവിതരണത്തിന് ഒപ്പമുണ്ട്.