കൊച്ചി: ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് ജലഗതാഗതവകുപ്പ് ബോട്ട് സർവീസുകൾ പുനരാരംഭിച്ചു. ബോട്ടുജെട്ടികളിൽ വീണ്ടും ആളനക്കമായി. ഫോർട്ടുകൊച്ചി, വൈപ്പിൻ, മുളവുകാട് എന്നിവിടങ്ങളിലേക്കായി​രുന്നു സർവീസ്. വൈറ്റി​ല ഹബ്ബിൽ നിന്ന് കാക്കനാട്ടേക്കുള്ള സർവീസ് തുടങ്ങിയിട്ടില്ല. സ്വകാര്യബസ് സർവീസ് ആരംഭിച്ചശേഷം ഈ സർവീസും തുടങ്ങും.

# സാമൂഹിക അകലം പാലിച്ച്

യാത്രക്കാർ

രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് സർവീസ്. യാത്രാനിരക്കിൽ 33 ശതമാനം വർദ്ധന വന്നിട്ടുണ്ട്. ഫോർട്ടുകൊച്ചിയിലേക്കുള്ള നിരക്ക് 6 ൽ നിന്ന് 8 രൂപയായി. മറ്റു ടിക്കറ്റുകളിലും രണ്ടുരൂപ വീതം കൂടിയിട്ടുണ്ട്. ഫോർട്ടുകൊച്ചിയിലേക്ക് 20 മിനിറ്റും വൈപ്പിനിലേക്ക് അരമണിക്കൂർ ഇടവിട്ടുമാണ് സർവീസ്. മുളവുകാടിന് പഴയ സമയക്രമം തന്നെയാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ബോട്ടുകൾ സർവീസ് നടത്തുന്നത്. എല്ലാ ജെട്ടികളിലും സാനിറ്റൈസർ വച്ചിട്ടുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും മാസ്ക് നിർബന്ധമാണ്. സീറ്റിംഗ് ക്രമത്തിലും മാറ്റം വരുത്തി. മൂന്നുസീറ്റി​ൽ രണ്ടുപേർക്കും രണ്ടുസീറ്ററിൽ ഒരാൾക്കും ഇരുന്ന് യാത്ര ചെയ്യാനാണ് അനുമതിയുള്ളത്.

# റോ -റോ സർവീസ്

പുനരാരംഭിക്കണം

കെ.എസ്.ആർ.ടിസി ബസ് സർവീസും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും സർവീസ് ആരംഭിച്ച സാഹചര്യത്തിൽ ഫോർട്ടുകൊച്ചി വൈപ്പിനിലെ റോ- റോ സർവീസും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് റോറോയും ഓടിക്കാൻ കഴിയുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ചൂണ്ടിക്കാട്ടി. മൂന്നുമിനിറ്റ് കൊണ്ട് മറുകരയെത്തും. അകലം പാലിച്ച് യാത്രചെയ്യാം. എ.സിയില്ലെന്നത് മറ്റൊരു സൗകര്യം. റോ- റോ സർവീസ് ആരംഭിക്കുന്നത് സൈക്കിൾ യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാകും. ഇരുകരകളിലെയും യാത്രക്കാർ ഇപ്പോൾ എറണാകുളം ചുറ്റി യാത്രചെയ്യേണ്ട അവസ്ഥയാണ്.

# റോ -റോ സർവീസ് ഉടൻ

റോ -റോ സർവീസ് ഉടൻ ആരംഭിക്കണമെന്ന് നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് (കെ.എസ്.ഐ.എൻ.സി) നിർദേശം നൽകിയിട്ടുണ്ടെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.