മൂവാറ്റുപുഴ: അമ്പത്തിയാറ് ദിവസങ്ങൾക്ക് ശേഷം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് ഡബിൾ ബെല്ലടിച്ച് യാത്രക്കാരുമായി മുന്നോട്ട് കുതിച്ചു. മൂവാറ്റുപുഴ , കൂത്താട്ടുകുളം,പിറവം, കോതമംഗലം, പെരുമ്പാവൂർ ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ടായിരുന്നു. ഭാഗികമായിരുന്ന സർവീസുകളിൽ യാത്രക്കാരും കുറവായിരുന്നു. ഇന്ന് കൂടുതൽ സർവീസ് ഉണ്ടായിരിക്കും.

സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി പൊതുഗതാഗത സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെയാണ് സംസ്ഥാന സർക്കാർ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. യാത്രക്കാർക്ക് മാസ്ക്ക് നിർബന്ധമാക്കിയും സാമൂഹിക അകലം പാലിച്ച് ഇരിപ്പടം ക്രമീകരിച്ചുമായിരുന്നു യാത്ര. 30 യാത്രക്കാർക്കാണ് ഒരു ബസിൽ യാത്ര ചെയ്യാൻ അനുമതി.

മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും 21 ബസുകളാണ് ആദ്യ ദിവസം സർവ്വീസ് നടത്തിയത്. അടുത്ത ദിവസം ഇടുക്കി ജില്ലാ അതിർത്തിയായ വാഴക്കുളത്തേക്ക് സർവീസ് ആരംഭിക്കും.ഇപ്പോൾ ഓർഡിനറി സർവീസുകളാണ് നടത്തുന്നത്. മറ്റു ഡിപ്പോകളിൽ നിന്നും മൂവാറ്റുപുഴയിലേക്കുള്ള സർവീസും ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. 13 ബസുകൾ ബുധനാഴ്ച നെടുമ്പാശേരി ഏയർപോർട്ടിലേക്ക് അയച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കും.

സാജൻ വി.സ്ക്കറിയ

എ.ടി.ഒ

മൂവാറ്റുപുഴ

മൂവാറ്റുപുഴയിൽ നിന്ന് പോയ ബസുകൾ

കാക്കനാട്ടേക്ക് -9,

വെെറ്റില 3,

എറണാകുളം ജെട്ടി 5

ഹെെക്കോർട്ട് 2

കൂത്താട്ടുകുളം 1

ഫോർട്ടുകൊച്ചി 1