മൂവാറ്റുപുഴ: ബാർബർ ബ്യൂട്ടീഷൻ സെന്ററുകൾ തുറന്നതോടെ മുടി വെട്ടിക്കാനായി തിരക്കേറുന്നു. നിബന്ധനകൾ കർശനമാക്കി മുടി വെട്ടുകയാണ് മൂവാറ്റുപുഴയിലെ കടയുടമകൾ. രണ്ടുപേരെ മാത്രമേ ഷോപ്പിനകത്തു പ്രവേശിപ്പിക്കുകയുള്ളു. മറ്റുള്ളവരോട് അകലം പാലിച്ചു ഷോപ്പിന് പുറത്തിരിക്കുവാൻ പറയും. ഷോപ്പിന് പുറത്ത് വെള്ളം,ഹാൻഡ് വാഷ്, സാനിട്ടൈസെർ, ടിഷ്യു പേപ്പർ എന്നിവ കരുതിയിട്ടുണ്ട്. സാനിറ്റേഷൻ ചെയ്യാതെയും,മാസ്‌ക് ധരിക്കാതെയും വരുന്നവരെ ഷോപ്പിൽ പ്രവേശിപ്പിക്കില്ല.
#ഇടവിട്ടുള്ള ശുചിത്വം
ഒരാളുടെ മുടിവെട്ടിക്കഴിഞ്ഞാൽ ജോലി ചെയ്യുന്ന വ്യക്തി കൈകഴുകി കസേരയും കത്രികയും മറ്റും വൃത്തിയാക്കി സാനിറ്റെസ് ചെയ്തതിനുശേഷമേ അടുത്ത ആളെ ക്ഷണിക്കൂ. എ.സി പ്രവർത്തിപ്പിക്കാതെയാണ് ഷോപ്പുകളുടെ പ്രവർത്തനം. ഡോർ ഹാൻഡിൽ, സ്വിച്ച്, കസേര, കസേര ഹാൻഡിൽ, ടാപ്പ്നോബ് എന്നിവ ഇടയ്ക്കിടെ സാനിട്ടൈസെർ ഉപയോഗിച്ച് വൃത്തിയാക്കും.
#അപരിചിതരുടെ മുടി വെട്ടില്ല
പനി , ചുമ, ജലദോഷം തുടങ്ങിയ അസുഖമുള്ളവർക്ക് പ്രവേശനമില്ല. ശുചിത്വം പാലിച്ചാണ് മുടി വെട്ടിക്കാനെത്തേണ്ടത്. അപരിചിതരുടെ മുടി വെട്ടുകയില്ലെന്നത് കർശന നിലപാടാണ്.
കഴിയുമെങ്കിൽ മുടി വെട്ടിക്കാനെത്തുന്നവർ വൃത്തിയുള്ള തുണി, ടവൗൽ കൊണ്ടുവന്നാൽ സൗകര്യമായിരിക്കും.
#നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ
നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ എന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാൻ സാമൂഹ്യ അകലം പാലിച്ച് ഒത്തുചേരാം.
അനു എം.ജെ,
കെ.എസ്.ബി.എ ജില്ലാ ട്രഷറർ
,