കൊച്ചി : പ്രവാസികളെ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാതെ നാട്ടിലെത്തിക്കുന്നത് തടയണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ഇക്കാര്യമുന്നയിച്ച് സംസ്ഥാന സർക്കാർ നൽകിയ കത്ത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ആർ.ടി. - പി.സി.ആർ ടെസ്റ്റ് നടത്തി കൊവിഡ് രോഗമില്ലെന്ന് ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. എയർപോർട്ടിൽ തെർമൽ സ്കാനിംഗ് മാത്രമാണ് നടത്തുന്നതെന്നും ഇതു രോഗമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ മതിയായതല്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.
എയർപോർട്ടുകളിൽ ആരോഗ്യ പരിശോധന നടത്തുന്നത് അതത് എയർപോർട്ട് ഉദ്യോഗസ്ഥരാണെന്നും പല വിദേശരാജ്യങ്ങളും ആർ.ടി - പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. അന്യസംസ്ഥാനത്തു നിന്നുള്ളവരെ കൊവിഡ് രോഗമില്ലെന്ന് ഉറപ്പാക്കി ഒഡിഷയിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന ഒഡിഷ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശമനുസരിച്ചാണ് പരിശോധനയും ക്വാറന്റൈനും ഉൾപ്പെടെ സ്റ്റാന്റേർഡ് ഒാപ്പറേറ്റിംഗ് പ്രോട്ടോക്കോൾ (എസ്.ഒ.പി) നിശ്ചയിച്ചിട്ടുള്ളതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.