കൊച്ചി: കൊച്ചിക്ക് പുതുവർഷ സമ്മാനമായി ഓപ്പൺ എയർ തിയേറ്റർ വരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചിയെ സാസ്കാരിക കേന്ദ്രമാക്കുന്നതിനായി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡാണ് ( സി.എസ്.എം.എൽ) പദ്ധതിക്ക് തുടക്കമിടുന്നത് . ഫോർട്ടുകൊച്ചി സോണൽ ഓഫീസിനോട് ചേർന്ന് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 385 സ്ക്വയർ മീറ്റർ സ്ഥലത്താണ് തിയേറ്റർ നിർമ്മിക്കുന്നത്. 1.06 കോടിയാണ് പദ്ധതി ചെലവ്. നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
# കലാകാരൻമാർക്ക് മികച്ച അവസരം
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻമാർക്ക് ഓപ്പൺ എയർ തിയേറ്റർ പുതിയ വഴികൾ തുറന്നു കൊടുക്കും. നാടകമോ മറ്റ് കലാപരിപാടികളോ അവതരിപ്പിക്കാം. ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമെത്തുന്ന സന്ദർശകർക്ക് കൊച്ചിയുടെ ചരിത്രപാരമ്പര്യത്തെക്കുറിച്ച് അറിവുകൾ നേടാം. ഒപ്പം കടൽക്കാറ്റേറ്റ് കലാപരിപാടികൾ ആസ്വദിക്കാം. കൊച്ചിയെ സാംസ്കാരിക ഹബ്ബായി മാറ്റുകയാണ് ഉദ്ദേശം.
അൽകേഷ്‌കുമാർ,
സി.എസ്.എം.എൽ സി.ഇ.ഒ
# മികച്ച പശ്ചാത്തല സംവിധാനങ്ങൾ
അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓപ്പൺ എയർ തിയേറ്റർ ഒരുക്കുന്നത്. 228 ഇരിപ്പിടങ്ങൾ, ഇൻസ്റ്റലേഷനുകൾ, എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനം, ടോയ്ലെറ്റ് കോംപ്ളക്സ് എന്നിവയുണ്ടാകും
,