കുമ്പളങ്ങി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 26 മുതൽ കിടത്തി ചികിത്സ തുടങ്ങും. രാത്രിയിൽ ഡോക്ടറുടെ സേവനവുമുണ്ടാകും. ജീവനക്കാരെ എടുക്കാനും തീരുമാനമായി. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ ഒ.പി.വിഭാഗം മാത്രമാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഗ്രാമത്തിലെ ആർക്കെങ്കിലും രാത്രി അസുഖമുണ്ടായാൽ എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയായിരുന്നു. ഒഴിവുള്ള ഡോക്ടർമാർ, നഴ്സ്, ക്ളിനിക്കൽ സ്റ്റാഫ്, ഫാർമസിസ്റ്റ് എന്നിവരുടെ തസ്തികയിൽ കൂടിക്കാഴ്ച നടത്തി ആളെ നിയമിക്കും. ഫിസിയോ തെറാപ്പി സെന്ററും തുടങ്ങും. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ദേശീയ, സംസ്ഥാന അവാർഡ് തുക വിനിയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.