hg1
High Court

കൊച്ചി : സബ് രജിസ്ട്രാർ ഒാഫീസ് കെട്ടിടത്തിന് വാടകയിനത്തിൽ ഒരു രൂപ പോലും നൽകിയില്ലെന്നു മാത്രമല്ല, കരാർ പ്രകാരം നിശ്ചയിച്ച വാടക രണ്ടുതവണ സർക്കാർ വെട്ടിക്കുറയ്ക്കുകയും ചെയ്തു. കെട്ടിടമുടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി.

കോട്ടയം കടുത്തുരുത്തി സബ് രജിസ്ട്രാർ ഒാഫീസിന് കെട്ടിടം വാടകയ്ക്കു നൽകിയ ചാക്കോ മത്തായിയും ഭാര്യ ജോളിക്കുട്ടിയുമാണ് ഹർജിക്കാർ. 2017 ഒക്ടോബറിൽ 68,852 രൂപ വാടകയ്ക്ക് കെട്ടിടം സബ് രജിസ്ട്രാർ ഒാഫീസിന് വിട്ടു കൊടുത്തു. ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തി.

എന്നാൽ ഇതുവരെ വാടകയിനത്തിൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. വാടക കുടിശികയ്ക്കായി വക്കീൽ നോട്ടീസ് അയച്ചു. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ പരാതിയും നൽകി.

ഇതിനിടെ 2019 ഏപ്രിൽ 26 ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ വാടക 47,962 രൂപയാക്കി വെട്ടിക്കുറച്ച് ഉത്തരവിറക്കി. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ വാടക 25,000 രൂപയാക്കി വീണ്ടും കുറച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.