തൃപ്പൂണിത്തുറ: കോണത്തുപുഴ പുല്ലുപിടിച്ച് കാടുകയറിയ നിലയിയിലായിട്ടും നടപടിയെടുക്കാതെ അധികൃതർ. നഗരസഭ പ്രദേശത്തുള്ള പുഴയോരത്തെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇരുമ്പനം വെട്ടുവേലിക്കടവു മുതൽ പുതിയകാവു കണിയാവെള്ളി വരെയുള്ള ഏഴു കിലോമീറ്റർ ഭാഗമാണ് ഇപ്പോൾ പായൽ നിറഞ്ഞു ഒഴുക്കു നിലച്ച സ്ഥിതിയിലുള്ളത്. കഴിഞ്ഞ മഴക്കാലത്ത് പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു.
#പുഴയിൽ മുങ്ങിയ പദ്ധതികൾ
നഗരസഭാ പ്രദേശത്തെ കോണത്തു പുഴയുടെ ഭാഗം ശുചീകരിക്കുവാൻ പല പദ്ധതികൾ ആവിഷ്കരിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ നടപ്പായില്ല. ഇക്കുറിയും നഗരസഭയുടെ ബജറ്റിൽ കോണത്തുപ്പുഴ ശുചീകരണത്തിന് 75 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പുഴയുടെ പല ഭാഗങ്ങളും കൈയ്യേറ്റ ഭീഷണിയിലാണ്. ഇക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല.
#ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ഉൾപ്പെടുത്തണം
കോണത്തു പുഴ ശുചീകരണം ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൻ പെടുത്തുവാൻ ജില്ല കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കോണത്തുപുഴ ശുചീകരണം നഗരസഭയ്ക്ക് ഒറ്റയ്ക്ക് ചെയ്യുവാൻ കഴിയില്ല. ആയതിനാൽ ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടുവാനാണ് ശ്രമിക്കുന്നതെന്നു നഗരസഭ ചെയർപേഴ്സൺ.ചന്ദ്രികാദേവി പറഞ്ഞു.