കൊച്ചി : മുളന്തുരുത്തി മർത്തോമൻ പള്ളിയിലും മുടവൂർ സെന്റ് ജോർജ്ജ് പള്ളിയിലും ഒാർത്തഡോക്‌സ് വിഭാഗത്തിന് ആരാധന നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം 1934 ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ചാണ് ഇരു പള്ളികളും ഭരിക്കേണ്ടതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ഒാർത്തഡോക്‌സ് വികാരിമാർക്ക് ആരാധന നടത്താൻ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഇരുപള്ളികളിലെയും ഒാർത്തഡോക്സ് വിഭാഗങ്ങൾ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതി അന്തിമ തീർപ്പു കല്പിച്ചതാണ്. ഇതിൽ വിയോജിപ്പ് ഉണ്ടെങ്കിലും നിയമ വ്യവസ്ഥകൾ അംഗീകരിക്കാനും പാലിക്കാനും പൗരന്മാർക്ക് ബാദ്ധ്യതയുണ്ട്. തർക്കം ഉണ്ടായാൽ കോടതിയുത്തരവ് നടപ്പാക്കലാണ് നിയമവാഴ്ചയുടെ സംരക്ഷണത്തിന് ആവശ്യം. ക്രമസമാധാനപാലനം നിയമ നിർവഹണത്തിന്റെ ഭാഗമാണ്. നിയമവാഴ്ചയെ അംഗീകരിക്കേണ്ടവർ അതിനെ വെല്ലുവിളിക്കുകയും സുപ്രീം കോടതി വിധി ലംഘിക്കുകയും ചെയ്യുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കും. ഇൗ സാഹചര്യത്തിൽ ഹൈക്കോടതിക്ക് ഇടപെടാനാവുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹർജിക്കാർ മാത്രമേ ആരാധനാച്ചടങ്ങുകൾ നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കണം. എന്നാൽ ഇടവകാംഗങ്ങൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.