തൃക്കാക്കര : വർഷകാലം തുടങ്ങാനിരിക്കെ നെഞ്ചിടിപ്പോടെ കഴിയുകയാണ് അത്താണി കീരേലിമല 21 കോളനി നിവാസികൾ. 30 അടിയോളം താഴ്ചയിൽ മണ്ണെടുത്ത ഭാഗത്ത് 21 കുടുംബങ്ങളാണ് മണ്ണിടിച്ചിൽ ഭീഷണിയിൽ താമസിക്കുന്നത്. കോളനിയിൽ മലപോലെ നിൽക്കുന്ന ഭിത്തി ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. വേനൽമഴയ്ക്ക് പിന്നാലെ മലയിൽ നിന്ന് ചെറിയതോതിൽ മണ്ണിടിഞ്ഞു തുടങ്ങിയിട്ടുണ്ട്.
മലയുടെ മുകളിൽ കെട്ടിയിരിക്കുന്ന കരിങ്കൽ ഉൾപ്പെടെ ഇടിഞ്ഞു വീണാൽ വൻ ദുരന്തത്തിനാണ് സാദ്ധ്യത. ഇവിടെ നിൽക്കുന്ന പാഴ്‌മരങ്ങൾക്ക് കാറ്റ് പിടിച്ചാൽ പോലും അപകടം ഉണ്ടായേക്കാം. കഴിഞ്ഞ വർഷങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് കോളനി നിവാസികളെ കാക്കനാട് മുനിസിപ്പൽ എൽ.പി സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. കാറും കോളും ഉരുണ്ട് കൂടുമ്പോൾ കോളനി നിവാസികൾക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കീരേലിമല കോളനിക്കാരുടെ ഈ ദുരിതത്തിനു കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
# യൂത്ത് കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകി
21 കോളനി നിവാസികൾ അടക്കം മുപ്പതോളം കുടുംബങ്ങൾ നേരിടുന്ന മണ്ണിടിച്ചിൽ ഭീഷണി സംബന്ധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി എറണാകുളം ജില്ലാ കളക്ടർക്ക് പരാതി നൽകി. എം .എൽ .എ യുടെയും വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെയും മുൻ കളക്ടറുടെയും നേതൃത്വത്തിൽ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ച് അത്താണിയിൽ തന്നെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ സ്ഥലം സ്വകാര്യ വ്യക്തിയുടേതാണെന്ന വാദമുയർത്തി നിയമ നടപടിയുമായി മുന്നോട്ട് പോയതോടെ പദ്ധതി തടസപ്പെട്ടു.
മുപ്പതോളം വരുന്ന കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും
പി.എസ് സുജിത്
തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ്
യൂത്ത് കോൺഗ്രസ്