കൊച്ചി: പൊതുഗതാഗതം ആരംഭിച്ച ആദ്യനാളിൽ ആളില്ലാതെ കെ.എസ്.ആർ.ടി.സി സർവ്വീസ്. സാമൂഹിക അകലം പാലിക്കാൻ ഒരു ബസിൽ നേർപകുതി യാത്രക്കാരെ മാത്രം കയറ്റാൻ തീരുമാനിച്ച് നിരത്തിലിറങ്ങിയ ബസിൽ കയറാൻ പ്രതീക്ഷിച്ച അത്രപോലും ആളുണ്ടായില്ല. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും നഗരത്തിനുള്ളിൽ തൃപ്പുണിത്തുറ, കാക്കനാട്, വൈപ്പിൻ, അരൂർ, ഹൈക്കോടതി, നോർത്ത് പറവൂർ എന്നീ മേഖലകളിലേക്കാണ് പ്രധാനമായും സർവ്വീസുകൾ നടത്തിയത്. എറണാകുളം ഡിപ്പോയിൽ നിന്ന് ഇന്നലെ 29 ബസുകളാണ് സർവീസ് നടത്തിയത്. ജി​ല്ലയി​ൽ ഒട്ടാകെ 157 സർവീസുകൾ ഓടി​.

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഇന്നലെ വന്നതോടെ ഇന്ന് മുതൽ യാത്രക്കാരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ്.

രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവീസ് നടത്തിയത്. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് കൂടുതൽ യാത്രക്കാരുണ്ടായത്. ജില്ലാ അതിർത്തികളിലേക്കുളള സർവീസുകൾ ഒഴിവാക്കിയിരുന്നു. തിരക്കുള്ള റൂട്ടുകളിൽ അടുത്ത ദിവസം മുതൽ കൂടുതൽ സർവ്വീസ് ആരംഭിക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഓരോ ട്രിപ്പ് കഴിയുമ്പോഴും സീറ്റുകളും കമ്പികളുൾപ്പെടെ അണുവിമുക്തമാക്കുന്നുണ്ട്. അഗ്‌നിശമന സേനയും സർവീസ് അവസാനിക്കുന്ന മുറയ്ക്കു ബസുകൾ അണുവിമുക്തമാക്കും.

ആളുകൾ സ്വകാര്യവാഹനങ്ങളാണ് യാത്രക്കായി കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. ഇത് തുടർന്നുള്ള ദിവസങ്ങളിൽ പൊതുഗതാഗതത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്ന് മുതൽ എം.സി റോഡിൽ മൂവാറ്റുപുഴ വരെ അരമണിക്കൂർ ഇടവിട്ട് ബസ് സർവീസ് നടത്തും. ഇന്നലെ 800 രൂപയാണ് ഒരു സർവീസിൽ നിന്നുള്ള ശരാശരി കളക്ഷൻ.

"ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കൈയ്യുറകളും മാസ്‌കുകളും സാനിറ്റൈസറുകളും അതത് ഡിപ്പോകളിൽ നിന്ന് വിതരണം ചെയ്തിരുന്നു. യാത്രക്കാർക്കും മാസ്ക് നിർബന്ധമായിരുന്നു.

വി.എം താജുദ്ദീൻ

ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ

കെ.എസ്.ആർ.ടി.സി

ജില്ലയിൽ പ്രധാന ഡിപ്പോകളിൽ നിന്ന് നടത്തിയ സർവ്വീസുകൾ

പിറവം - 10

പറവൂർ - 21

പെരുമ്പാവൂർ -22

ആലുവ - 19

കൂത്താട്ടുകുളം - 8

മൂവാറ്റുപുഴ - 21