കൊച്ചി: രണ്ടു പേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ഓട്ടോഡ്രൈവർ പച്ചാളത്ത് പത്തുവീട്ടിൽ ഫിലിപ്പ് (64) സ്വയം തീകൊളുത്തി മരിച്ചു. എറണാകുളം വടുതലയിൽ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
ഷൺമുഖപുരം ക്ഷേത്രത്തിന് സമീപത്തെ പങ്കജാക്ഷന്റെ തട്ടുകടയിലെത്തിയ ഫിലിപ്പ്, കുപ്പിയിൽ പെട്രോൾ നിറച്ച് തീകൊളുത്തി എറിയുകയായിരുന്നു. കടയിലെ ഗ്യാസ് സ്റ്റൗവിൽ തീപടർന്നതോടെ ആളിക്കത്തി. കടയിൽ സാധനം വാങ്ങാനെത്തിയ ആലപ്പുഴ എഴുപുന്ന കോതേക്കാട്ട് വീട്ടിൽ റെജിൻദാസ്(34), കടയുടമ ഷൺമുഖപുരം പാറക്കൽ പങ്കജാക്ഷൻ(65) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു.
തുടർന്ന് ഷൺമുഖപുരത്തെ ഓട്ടോ സ്റ്റാൻഡിലെത്തിയ ഫിലിപ്പ്, സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കർഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ റെജിൻദാസ് ലൂർദ് ആശുപത്രിയിലെ ജീവനക്കാരനാണ്. പച്ചാളത്ത് വാടകയ്‌ക്ക് താമസിക്കുകയാണ്. റിജിൻദാസിന് 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ്. പൊള്ളലേറ്റ പങ്കജാക്ഷനെ വാർഡിലേക്ക് മാറ്റി. നോർത്ത് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഫിലിപ്പെന്നാണ് പൊലിസ് നിഗമനം. ഇയാളുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.