ആലുവ: മതം മാറ്റ വിവാദത്തിലായ ചാലക്കൽ പാലത്തിങ്കൽ സുശീലൻ നിലപാട് മാറ്റിയതിനെ തുടർന്ന് കോടതി ജാമ്യക്കാർക്കൊപ്പം വിട്ടു. ബന്ധുക്കൾ നിർബന്ധപൂർവ്വം തൊടുപുഴയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതെന്നാണ് സുശീലൻ കോടതിയിൽ മൊഴി നൽകിയത്.
വിദേശത്ത് വച്ച് മതം മാറുകയും നാട്ടിലെത്തി ഭാര്യയെയും മക്കളെയും മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സുശീലൻ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് ആലുവ പൊലീസിൽ നിലനിൽക്കുന്ന കേസിൽ ജാമ്യത്തിലിറക്കിയവർക്കൊപ്പമാണ് ഇന്നലെ ആലുവ കോടതി സുശീലനെ വിട്ടയച്ചത്. നേരത്തെ ജാമ്യത്തിലിറങ്ങിയ സുശീലൻ ഭാര്യക്കും മക്കൾക്കുമൊപ്പം താമസിക്കണമെന്നും ചികിത്സതേടണമെന്നും ആവശ്യപ്പെട്ടെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞു. തുടർന്നാണ് 12 ദിവസം മുമ്പ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ സുശീലനെ നേരത്തെ ജാമ്യത്തിലിടുത്തവർ 'മാൻ മിസ്സിംഗ്' പരാതി നൽകി. ചൊവ്വാഴ്ച്ച ആശുപത്രിയിൽ സന്ദർശിച്ച കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ എന്നിവരോട് സ്വന്തം ഇഷ്ടപ്രകാരമാണ് ചികിത്സ തേടിയതെന്നാണ് സുശീലൻ വെളിപ്പെടുത്തിയത്.