pic

കൊച്ചി: എറണാകുളം ജില്ലയിൽ ചില സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് ആരംഭിച്ചു. ഭൂരിപക്ഷം ബസുകളും സർവീസ് നടത്താൻ തയാറായില്ലെങ്കിലും വിവിധ സൊസൈറ്റികൾക്ക് കീഴിലുള്ള ബസുകളാണ് ഇന്ന് നിരത്തിലിറങ്ങിയത്. നിരക്ക് വർദ്ധന ഉൾപ്പടെ സർക്കാ‌ർ പ്രഖ്യാപിച്ച പാക്കേജിൽ തൃപ്തരാകാതെയാണ് സ്വകാര്യ ബസുടമകൾ സർവീസ് നടത്താതെ മാറി നിൽക്കുന്നത്. ഇന്നലെ മുതൽ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയിരുന്നു. ഇന്ന് ചില സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയെങ്കിലും സർവീസുകളുടെ എണ്ണവും യാത്രക്കാരും വളരെ കുറവാണ്. സാമൂഹ്യ അകലം പാലിച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്.


നിലവിൽ വരുമാന നഷ്ടത്തെ തുടർന്ന് ജില്ലയിലെ 2300 ബസുകൾ ആർ.ടി.ഒയ്ക്ക് ജി ഫോം നൽകി കയറ്റിയിട്ടിരിക്കുകയാണ്. റോഡ് നികുതിയിൽ നിന്ന് ഒഴിവാകുന്നതിനായി ജി ഫോമുകൾ പൂരിപ്പിച്ച് നൽകാത്ത ബസുകളാണ് ഇന്ന് നിരത്തിലിറങ്ങിയത്. എന്നാൽ, സർക്കാരിൽ നിന്ന് അനുകൂലമായ നടപടിയുണ്ടായാൽ ജി ഫോം പിൻവലിച്ച് 24 ശേഷം കൂടുതൽ ബസുകൾ നിരത്തിലിറങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ പറഞ്ഞു. '60 ദിവസമോ അതിലധികമോ നാൾ അനക്കാതെ കിടന്നാൽ മാത്രമേ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ.വാഹനം കിടക്കുന്ന സ്ഥലത്തു നിന്ന് അനക്കിയാൽ ജി-ഫോം റദ്ദാക്കും. ഈ മാസം ഏതെങ്കിലും ദിവസം നിരത്തിലിറങ്ങിയാൽ ഈ മാസത്തെ ടാക്‌സ്, ക്ഷേമനിധി പണം അടയ്‌ക്കേണ്ടതായും വരും. നഷ്ടത്തിലോടുന്ന വ്യവസായത്തെ അതു ബുദ്ധിമുട്ടിലാക്കുമെന്നതിനാലാണ് ബസുകൾ കൂടുതൽ നിരത്തിലിറക്കാത്തത്. എന്നാൽ, സർക്കാർ സമയപരിധി ക്രമീകരിച്ച് നൽകിയാൽ 24 ന് ശേഷം കൂടുതൽ ബസുകൾ നിരത്തിലിറക്കാമെന്നാണ് കരുതുന്നത്.

എറണാകുളം ഡിപ്പോയിൽ നിന്ന് 26 ട്രാൻ. സർവീസ്

ജില്ലയിൽ ഇന്നും കെഎസ്ആർടിസി ബസുകൾ 26 സർവീസുകൾ നടത്തുന്നുണ്ട്. ഇന്നലെയും 26 സർവീസുകളാണ് എറണാകുളം ഡിപ്പോയിൽ നിന്ന് നടത്തിയത്. പല ബസുകളിലും ആളുകൾ കുറവാണ്. ജില്ലാ അതിർത്തികളിലേക്കുളള സർവീസുകൾ ഒഴിവാക്കിയിരുന്നു. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് കുറച്ചെങ്കിലും യാത്രക്കാരുള്ളത്. അതിനാൽ സർവീസ് സമയം ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുകയാണ്. ഇന്നു മുതൽ എംസി റോഡിൽ മൂവാറ്റുപുഴ വരെ അരമണിക്കൂർ ഇടവിട്ട് ബസുണ്ടാകും.


പിറവത്തു നിന്നു പത്തും പറവൂരിൽ നിന്നു 21 ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യും. ഇന്നലെത്തെ പോലെ തന്നെ പെരുമ്പാവൂർ ഡിപ്പോയിൽ നിന്നു 22 സർവീസുകളും ആലുവയിൽ 19 സർവീസുകളും ഓപ്പറേറ്റ് ചെയ്യും. കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് 8 സർവീസുണ്ട്. ഇന്നലെ 800 രൂപയാണ് ശരാശരി കളക്ഷനായി ലഭിച്ചത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് യാത്ര

എല്ലാ സുരക്ഷാ മാർഗ നിർദേശങ്ങളും പാലിച്ചാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. ഓരോ ട്രിപ്പ് കഴിയുമ്പോഴും സീറ്റുകളും കമ്പികളുൾപ്പെടെ അണുവിമുക്തമാക്കുന്നുണ്ട്. സർവീസ് അവസാനിക്കുന്ന മുറയ്ക്ക് അഗ്‌നിശമന സേനയും ബസുകൾ അണുവിമുക്തമാക്കും.ഡ‌്രൈവർമാർക്കും കണ്ടക്ടർമാർക്കും കൈയ്യുറകളും മാസ്‌കുകളും സാനിറ്റൈസറുകളും ഡിപ്പോകളിൽ നിന്ന് വിതരണം ചെയ്തതായി ഡിടിഒ വി.എം.താജുദ്ദീൻ പറഞ്ഞു.